അധോലോകത്തിന്റെ ഭീഷണി, കള്ളപ്പണ ഇടപാടിൽ സഹകരിക്കില്ലെന്ന നിബന്ധന, കരിയർ തകർക്കാൻ ശ്രമിച്ച ബച്ചന്റെ അസൂയ; കമൽ ബോളിവുഡ് വിട്ടത് എന്തിന്?
ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണ് കമൽഹാസൻ. തമിഴാണ് കമലിന്റെ അങ്കത്തട്ടെങ്കിലും മലയാളമടക്കമുള്ള ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും ഒരുകാലത്ത് ചുവടുറപ്പിക്കാൻ കമലിന് സാധിച്ചു. എന്നാൽ, അധികം വൈകാതെ ആദ്ദേഹം ബോളിവുഡ് ഉപേക്ഷിച്ചു. അതിനൊരു കാരണവുമുണ്ട്.
1981 ൽ പുറത്തിറങ്ങിയ ഏക് ദുതേ കേ ലിയെ എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ ബോളിവുഡിലെത്തുന്നത്. പിന്നീട് നിരവധി ഹിന്ദി സിനിമകളുടെ ഭാഗമായി. മിക്കതും വലിയ ഹിറ്റുകളുമായിരുന്നു. ഹിന്ദിയിൽ തിളങ്ങി നിൽക്കെയാണ് കമൽഹാസൻ ബോളിവുഡിനോട് വിട പറയുന്നത്. നിരവധി ഊഹാപോഹ കഥകൾ പ്രചരിച്ചെങ്കിലും എന്തുകൊണ്ടാണ് ബോളിവുഡ് ഉപേക്ഷിച്ചതെന്ന് വർഷങ്ങൾക്ക് ശേഷം കമൽ തുറന്നു പറഞ്ഞിരുന്നു.
അക്കാലത്ത് ബോളിവുഡും അധോലോകവും തമ്മിൽ വളരെ അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. അതാണ് താൻ ബോളിവുഡ് വിടാനുള്ള കാരണമായി കമൽഹാസൻ പറഞ്ഞത്. അധോലോകത്തിന്റെ ഭീഷണിയ്ക്ക് വിധേയനാകാനോ എതിർക്കാനോ കമലിന് താല്പര്യമുണ്ടായിരുന്നില്ല. കള്ളപ്പണ ഇടപാടിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. പല കോണുകളിൽ നിന്നും കമലിന് ഭീഷണി വന്നിരുന്നു. അങ്ങനെയാണ് കമൽ ബോളിവുഡ് വിട്ടത്.
ഇന്ത്യൻ സിനിമയിലെ മറ്റൊരു ഇതിഹാസമായ അമിതാഭ് ബച്ചനും കമൽഹാസനും ഒരുമിച്ച സിനിമയായിരുന്നു ഖബർദാർ. റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ അമിതാഭ് ബച്ചന് കമൽഹാസൻ തന്നേക്കാൾ കയ്യടി നേടുമോ എന്ന ഭയം ഉടലെടുത്തിരുന്നു. ഇതോടെ ബച്ചൻ സിനിമയിൽ നിന്നും പിന്മാറുകയും ഷൂട്ടിങ് പാതി വഴിയിൽ ആവുകയും ചെയ്തു. ബച്ചൻ സിനിമ ഉപേക്ഷിച്ചതോടെ കമലന് തനിക്ക് ലഭിക്കാനുണ്ടായിരുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമേ ലഭിച്ചിരുന്നുള്ളൂ. തന്നേക്കാൾ ശ്രദ്ധ കമലിന് ലഭിക്കുമെന്ന തോന്നലായിരുന്നു ബച്ചന്റെ പിന്മാറ്റത്തിന് കാരണം.