'ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു'വെന്ന് സാന്ദ്ര തോമസ്; ഞങ്ങള്‍ക്ക് ദിലീപിനേയും കാണാമെന്ന് വിമര്‍ശകര്‍

Webdunia
വെള്ളി, 7 ജനുവരി 2022 (20:39 IST)
'വനിത' മാഗസിനിലെ കവര്‍ചിത്രത്തെ അനുകൂലിച്ച നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന് രൂക്ഷവിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപും കുടുംബവുമാണ് ജനുവരി ലക്കത്തിലെ വനിതയുടെ കവര്‍ ചിത്രം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്ദ്രയുടെ പ്രതികരണം. ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയെ മാത്രമേ തനിക്ക് ഇതില്‍ കാണാന്‍ കഴിയുന്നുള്ളൂവെന്നും മനുഷ്യത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു എന്നും സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു.
 
സാന്ദ്രയുടെ കുറിപ്പ് ഇങ്ങനെ:
 
'മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു.
 
എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു.
 
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ '
 
സാന്ദ്രയുടെ പോസ്റ്റിന് താഴെ നിരവധിപേര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ദിലീപെന്നും നിങ്ങള്‍ ഒരു സ്ത്രീയായിട്ട് ഇത്ര മോശം നിലപാടാണോ എടുക്കുന്നതെന്നും പലരും ചോദിച്ചു. നിങ്ങള്‍ക്ക് കുഞ്ഞിനെ മാത്രം ആയിരിക്കും കാണുകയെന്നും ഞങ്ങള്‍ക്ക് അതില്‍ പീഡനക്കേസ് പ്രതി ദിലീപിനേയും കാണാമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article