'മതം മാറിയപ്പോൾ റഹ്മാൻ കടുത്ത സമ്മർദം നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്': രാജീവ് മേനോൻ

നിഹാരിക കെ.എസ്
ബുധന്‍, 19 മാര്‍ച്ച് 2025 (10:42 IST)
സംഗീത ലോകത്തെ പ്രതിഭയാണ് എആർ റഹ്മാൻ. ദിലീപ്കുമാർ എന്നായിരുന്നു എആർ റഹ്മാന്റെ ആ​ദ്യ പേര്. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. തന്റെ മതം മാറ്റത്തെക്കുറിച്ച് റഹ്മാൻ തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റഹ്മാന്റെ ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനത്തേക്കുറിച്ച് പറയുകയാണ് ഫിലിംമേക്കറും സംവിധായകനും റഹ്മാന്റെ അടുത്ത സുഹൃത്തുമായ രാജീവ് മേനോൻ.
 
റോജയ്ക്ക് മുൻപ് നിരവധി പരസ്യങ്ങളിൽ റഹ്മാനും രാജീവും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് റഹ്മാനുമായുള്ള സൗഹൃദത്തേക്കുറിച്ച് രാജീവ് പറഞ്ഞത്. എആർ റഹ്മാന്റെ അച്ഛൻ ശേഖറിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹവും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചത്. മതം മാറുന്ന സമയം റഹ്മാനും കുടുംബത്തിനും ഹിന്ദി അറിയില്ലായിരുന്നു. ഗുൽബർഗയിൽ നിന്നുള്ള ഫക്കീറുകൾ മതം മാറ്റ ചടങ്ങിനായി റഹ്മാന്റെ വീട്ടിൽ വന്നപ്പോൾ താനായിരുന്നു പരിഭാഷകനായി നിന്നതെന്നും രാജീവ് ഓർത്തെടുത്തു.
 
'മതത്തിലേക്കും വിശ്വാസത്തിലേക്കുമൊക്കെയുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിന്റെ കാലഘട്ടം ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിനുള്ളിൽ നിന്ന്, പ്രത്യേകിച്ച് സഹോദരിമാരുടെ വിവാഹ കാര്യങ്ങളിൽ റഹ്മാൻ കടുത്ത സമ്മർദ്ദം നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്തരം കൊടുങ്കാറ്റുകളെ നേരിടാൻ അദ്ദേഹത്തെ സഹായിച്ചത് സംഗീതമായിരുന്നു".- രാജീവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article