'എനിക്കൊന്ന് കാണണം, നമ്മുടെ മക്കള്‍ പ്രണയത്തിലാണ്'; ജഗതി പി.സി.ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ചു

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (09:26 IST)
മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ വിവാഹം കഴിച്ചിരിക്കുന്നത് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജാണ്. വര്‍ഷങ്ങളുടെ പ്രണയത്തിനു ശേഷമാണ് ഷോണും പാര്‍വതിയും വിവാഹിതരായത്. ജഗതി പറഞ്ഞിട്ടാണ് തങ്ങളുടെ മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം താന്‍ അറിഞ്ഞതെന്നും ജഗതി വിവാഹത്തിനു മുന്‍കൈ എടുത്തെന്നും മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ പി.സി.ജോര്‍ജ് പറഞ്ഞിട്ടുണ്ട്. 
 
'ഒരു ദിവസം താന്‍ വീട്ടിലിരിക്കുമ്പോള്‍ ജഗതി ഫോണ്‍ ചെയ്ത സംഭവത്തെ കുറിച്ച് ജോര്‍ജ് പറയുന്നത് ഇങ്ങനെ; ' ഫോണില്‍ വിളിച്ച് എനിക്ക് ഒന്ന് കാണണമായിരുന്നല്ലോ, എന്നാണ് ജഗതി പറഞ്ഞത്. ഇടയ്‌ക്കെ കണ്ടിട്ടുണ്ട്, പരിചയവുമുണ്ട്. അല്ലാതെ അദ്ദേഹവുമായി വലിയ ബന്ധങ്ങള്‍ ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ എംഎല്‍എ ആയിരുന്നു. പീരുമേട്ടില്‍ നിന്നാണ് ജഗതി വിളിച്ചത്. കാണാം എന്നു ഞാന്‍ പറഞ്ഞു. വൈകിട്ട് അഞ്ച്-ആറ് മണിയായിരുന്നു സമയം നിശ്ചയിച്ചത്. വീട്ടിലേക്ക് വരുമ്പോള്‍ വിളിക്കാന്‍ പറഞ്ഞു. സമയത്ത് തന്നെ ജഗതി എത്തി. എന്താ ചേട്ടാ അത്യാവശ്യം എന്ന് ചോദിച്ചപ്പോള്‍ എന്റെ മകളും നിങ്ങളുടെ മകനും തമ്മില്‍ പ്രേമത്തിലാണെന്ന് അദ്ദേഹം അറിയിച്ചു. വിവാഹം കഴിക്കും എന്നുണ്ടെങ്കില്‍ തകര്‍ക്കമില്ലെന്നും അല്ലെങ്കില്‍ ഇതിവിടെ വച്ച് നിര്‍ത്താന്‍ മകനെ ഉപദേശിക്കണമെന്ന് ജഗതി അറിയിച്ചു. ഈ സമയം ഷോണ്‍ അവിടെയുണ്ടായിരുന്നു. ഞാന്‍ ഷോണിനെ വിളിച്ച് കാര്യം തിരക്കുകയായിരുന്നു,' പി.സി.ജോര്‍ജ് പറഞ്ഞു. 
 
വിവാഹം കഴിക്കാനാണോ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഷോണിന്റെ മറുപടി. അങ്ങനെയാണ് ഷോണിന്റെയും പാര്‍വതിയുടെയും കല്യാണത്തിനു താനും വാക്ക് നല്‍കിയതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രണ്ട് വര്‍ഷം കഴിഞ്ഞുമതി കല്യാണം എന്നായിരുന്നു ജഗതിയുടെ അഭിപ്രായം. ഷോണും ഇക്കാര്യത്തില്‍ സമ്മതം മൂളി. ഒടുവില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ഇരുവരുടെയും കല്യാണം നടത്തുകയായിരുന്നെന്നും ജോര്‍ജ് പറഞ്ഞു. 
 
പാര്‍വതി ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ്. ഷോണിന്റെ കുടുംബമാകട്ടെ അടിയുറച്ച ക്രൈസ്തവ വിശ്വാസികളും. വിവാഹ ശേഷം പാര്‍വതി മതം മാറിയിരുന്നു. ഭര്‍ത്താവിന്റെ മതമായ ക്രൈസ്തവ മതത്തിലേക്ക് മാമ്മോദീസ മുങ്ങി അംഗമാകുകയാണ് പാര്‍വതി ചെയ്തത്. ഇതേ കുറിച്ചും പി.സി.ജോര്‍ജ് അഭിമുഖത്തില്‍ സംസാരിച്ചു. 
 
'ഞാന്‍ ബിഷപ്പിനെ കാണുകയും വിവാഹം നടത്താം എന്നേല്‍ക്കുകയും ചെയ്തു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനികള്‍ ആയി വളര്‍ത്തിക്കൊള്ളാം എന്ന് ഷോണ്‍ കത്ത് നല്‍കണം എനാണ് അച്ചന്‍ പറഞ്ഞത്. ആ സമയത്താണ് മാണിയച്ചന്‍ എന്നെ വിളിക്കുന്നത്. പാര്‍വതിയെ മാമോദ്ദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കല്‍ വന്നിരുന്നു, താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചന്‍ പറഞ്ഞു. പക്ഷേ ഇത് ഞാന്‍ അറിഞ്ഞ സംഭവം ആയിരുന്നില്ല. ജഗതി എന്നോട് പറഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞാല്‍ എവിടെയാ താമസിക്കുന്നത് എന്ന് ജഗതി തന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ ആണ് എങ്കില്‍ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കില്‍ മതം മാറണ്ടായിരുന്നു, അല്ലെങ്കില്‍ തെമ്മാടിക്കുഴിയില്‍ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്നും ജഗതി പറഞ്ഞു. ആരും അറിയാതെയായിരുന്നു ജഗതി മകളുടെ മാമ്മോദീസ നടത്തിയത്,' പി.സി.ജോര്‍ജ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article