വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം

രേണുക വേണു

വ്യാഴം, 3 ഏപ്രില്‍ 2025 (13:49 IST)
വഖഫ് ബില്ലിന്റെ അവതരണ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ബില്ലിനെ സഭയില്‍ ശക്തമായി എതിര്‍ക്കേണ്ട സമയത്താണ് പ്രിയങ്ക ഗാന്ധി നാട്ടില്‍ ഇല്ലാത്തത്. 
 
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. ഏറ്റവും അടുത്ത സുഹൃത്ത് കാന്‍സര്‍ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണു പ്രിയങ്ക വിദേശത്തേക്കു പോയതെന്ന് എംപിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ലോക്‌സഭ സ്പീക്കറെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയെയും പ്രിയങ്ക ഇക്കാര്യം അറിയിച്ചുണ്ടെന്നും സ്പീക്കര്‍ക്കു രേഖാമൂലം കത്തു നല്‍കിയാണ് വിദേശയാത്രയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ഉള്ളതിനാല്‍ എംപിമാര്‍ നിര്‍ബന്ധമായും ചര്‍ച്ചയില്‍ പങ്കെടുക്കണം. എന്നാല്‍ വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക സഭയില്‍ എത്തിയില്ല. വഖഫ് ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പ്രിയങ്ക പങ്കെടുക്കാത്തതില്‍ മുസ്ലിം ലീഗിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍