പ്രളയക്കെടുതികള്‍ നേരിടാന്‍ നിങ്ങൾക്കൊപ്പം ഞാനുമുണ്ടെന്ന് മോഹൻലാൽ. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ ഞാൻ മുമ്പത്തേക്കാളേറെ ഇന്ന് സ്‌നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും, നമുക്കേ സാധിക്കൂ.
പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്‌നേഹത്തിന്റെ കൈകള്‍ അത് ഇന്നത്തേക്ക് മാത്രമുള്ളതല്ല, എന്നത്തേക്കുമുള്ളതാണ്, എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നോർക്കുക. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്.
ഈ പ്രളയം നമ്മെ പഠിപ്പിച്ച പാഠം അത്രവലുതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്‌നേഹിച്ച് കൊണ്ട് അല്‍പം കൂടി കാരുണ്യത്തോടെ ജീവിക്കാൻ, കുറച്ചുകൂടി നല്ല മനുഷ്യരായി ജീവിക്കാൻ ഇനി നമുക്ക് കഴിയും. പ്രളയം ഒരു പാലത്തിൽ തള്ളിയ മാലിന്യങ്ങൾ വീണ്ടും പുഴയിലേക്ക് തള്ളാൻ ചിലർ ശ്രമിച്ചപ്പോൾ അരിത് എന്നുറക്കെ പറയാൻ ആയിരം നാവുകൾ ഉയരുന്നത് നാം കണ്ടില്ലേ. നോമ്പ് നോറ്റ മുസ്ലീം സഹോദരങ്ങൾ പ്രളയം മുക്കിയ ക്ഷേത്രം കഴുകി വൃത്തിയാക്കുന്നത് നാം കണ്ടില്ലേ. വിശന്ന നായക്കുട്ടിക്ക് കുപ്പിപ്പാൽ കൊടുക്കുമ്പോഴുള്ള സ്‌നേഹം ആ നായക്കുട്ടിയുടെ കണ്ണിൽ നാം കണ്ടില്ലേ. ഈ പ്രളയം നമ്മെ മാറ്റിത്തീർത്തത് ഇങ്ങനെയൊക്കെയാണ്. എനിക്ക് ഇപ്പോൾ ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് ഇപ്പോൾ നമ്മൾ. പൊരുതുക, ഒപ്പം ചേരാന്‍ ഞാനുമുണ്ട്.'