മമ്മൂട്ടിയും ജോഷിയും ഒന്നിക്കുന്നു?

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (17:43 IST)
മമ്മൂട്ടിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ഒരു സിനിമ ഇനി എന്ന് സംഭവിക്കും? അതോ അങ്ങനെയൊരു സിനിമ ഇനി ഉണ്ടാകില്ലേ? ഈ കോമ്പിനേഷനെ അത്രയേറെ സ്നേഹിക്കുന്നവര്‍ ഏറേക്കാലമായി ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട്. എന്നാല്‍ അതിനൊരു ഉത്തരം ഉടന്‍ ലഭിക്കുമെന്ന് സൂചന. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ജോഷി ആലോചിക്കുന്നതായാണ് വിവരം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ അങ്ങനെയൊരു സിനിമ സംഭവിക്കാനുള്ള ആലോചനകള്‍ നടക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. 
 
വലിയ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം‌ജോസ്’ സൂപ്പര്‍ഹിറ്റായിരുന്നു. അതോടെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ ഒരുക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കള്‍ ജോഷിയുടെ പിന്നാലെയാണ്. ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ടത്രേ. ജോഷിക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ട്. മമ്മൂട്ടിയും മനസില്‍ ഒരു ജോഷി ചിത്രം ആഗ്രഹിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഉടന്‍ തന്നെ ഒരു മമ്മൂട്ടി - ജോഷി ചിത്രം പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍. 
 
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. ആ സിനിമ ഒരു ശരാശരി വിജയം മാത്രമായിരുന്നു. അതിന് ശേഷം ജോഷി കൂടുതലും മോഹന്‍ലാലുമൊത്താണ് സിനിമ ചെയ്തത്. പലതവണ മമ്മൂട്ടി - ജോഷി പ്രൊജക്ട് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല. 
 
‘ന്യൂഡെല്‍ഹി’ എന്ന ഒരൊറ്റ സിനിമ മതി മമ്മൂട്ടി - ജോഷി കൂട്ടുകെട്ടിന്‍റെ മഹത്വം മനസിലാക്കാന്‍. മമ്മൂട്ടിക്ക് തുടര്‍ പരാജയങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്ന കാലത്താണ് ന്യൂഡെല്‍ഹി സംഭവിക്കുന്നത്. അത് മമ്മൂട്ടിയുടെ പുനര്‍ജന്‍‌മമായിരുന്നു. പിന്നീട് മമ്മൂട്ടിക്കും ജോഷിക്കും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
 
1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, ഭൂകമ്പം, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന്, മിനിമോള്‍ വത്തിക്കാനില്‍ തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര.
 
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
 
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
 
മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് - 34 സിനിമകള്‍. പലതും മെഗാഹിറ്റുകള്‍. അതുകൊണ്ടുതന്നെ ഈ ടീമിന്‍റെ പുതിയ സിനിമയ്ക്കായി മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article