‘സിനിമയുടെ പരസ്യത്തിനായി ഫ്ലക്സ് ബോർഡുകൾ വേണ്ട‘; മാസ് തീരുമാനവുമായി മമ്മൂട്ടിയും വിജ‌യും !

ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (12:13 IST)
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് പൊട്ടിവീണു യുവതി മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതോടെ, തന്റെ പുതിയ സിനിമയുടെ പരസ്യത്തിനായി ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കേണ്ടന്ന തീരുമാനത്തിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ദളപതി വിജയും. 
 
മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വ്വന്റെ പരസ്യത്തിനായി നിയമാനുസൃതമായ ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്നും അണിയറപ്രവര്‍ത്തകര് അറിയിച്ചു കഴിഞ്ഞു‍. ചെന്നെയിലെ അപകട വാര്‍ത്തയറിഞ്ഞ മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ പി. ജോസഫും ചേര്‍ന്നാണ് ഫ്‌ളെക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പരസ്യത്തിനു പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന് രമേഷ് പിഷാരടി പറഞ്ഞു.
 
വിജയും ഇതേ തീരുമാനം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിന്റെ വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് വിജയ് ആവശ്യപ്പെട്ടു കഴിഞ്ഞു.  
 
സ്‌കൂട്ടര്‍ യാത്രികയായ യുവതിയുടെ ദേഹത്തേക്കു ഫ്‌ളക്‌സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
 
ബാനറുകളും ഫ്‌ലെക്‌സുകളും ഉപയോഗിക്കുന്ന പരിപാടിയില്‍ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഇനി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍