തന്റെ കാറില്‍ കൊണ്ടുവന്ന് ഇടിച്ച വാഹനം തേടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇന്നലെ രാത്രി തന്റെ ഭാര്യവീടിനു അടുത്ത് പാര്‍ക്ക് ചെയ്ത കാറില്‍ മറ്റൊരു വാഹനം വന്നു ഇടിച്ചെന്ന് ജൂഡ് പറയുന്നു. കാറിന്റെ പിന്നില്‍ സാരമായ കേടുപാടുകള്‍ ഉണ്ട്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം ജൂഡ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
"ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയില്‍ എന്റെ ഭാര്യവീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങള്‍ ആരാണെങ്കിലും ഒരഭ്യര്‍ത്ഥന..,നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജിഡി എന്‍ട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ്. ഇല്ലേലും സാരമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ? എന്റെ എളിയ നിഗമനത്തില്‍ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത.
(കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളില്‍ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാര്‍ ഉള്ള നാടല്ലേ. അത്ഭുതമില്ല)"
ജൂഡിന്റെ പോസ്റ്റിനു താഴെ പിന്തുണച്ചും എതിര്‍ത്തും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ജൂഡ് കാര്‍ പാര്‍ക്ക് ചെയ്തത് ശരിയല്ലെന്നും റോങ് സൈഡാണെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
വണ്ടിയിടിച്ചതിന്റെ ശബ്ദം കേട്ട് താഴേക്ക് ഇറങ്ങി വന്നപ്പോഴേക്കും ഇടിച്ച വാഹനം പോയി എന്നും തന്റെ വാഹനത്തിനു സാരമായ കേടുപാടുണ്ടെന്നും ജൂഡ് പറയുന്നു. രാത്രി കാലങ്ങളില്‍ ആ വഴിയിലൂടെ അധികം വാഹനം പോകാറില്ല. അതുകൊണ്ടാണ് താന്‍ അവിടെ വാഹനം പാര്‍ക്ക് ചെയ്തതെന്ന് ജൂഡ് പറയുന്നു.
ഇങ്ങനെ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ജൂഡ് ഫെയ്‌സ്ബുക്ക് ലൈവുമായി എത്തുന്നത്. തന്റെ വാഹനത്തില്‍ ഇടിച്ച യുവാവ് വീട്ടില്‍ എത്തി തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചെന്ന് ജൂഡ് പറഞ്ഞു.
ഭാര്യ വീടിന്റെ അടുത്തുനിന്ന് അധികം അകലെയല്ലാത്ത വീട്ടിലെ രോഹിത് എന്ന പയ്യനാണ് തന്റെ വാഹനത്തില്‍ ഇടിച്ചതെന്നും രോഹിത് തന്നെ ഇക്കാര്യം തന്നെ നേരിട്ടുകണ്ട് വിശദീകരിച്ചെന്നും ജൂഡ് പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ രോഹിത്തിനെ ജൂഡ് പരിചയപ്പെടുത്തുന്നുമുണ്ട്. രാത്രി ആ വഴിയിലൂടെ പോകുമ്പോള്‍ ഒരു പൂച്ച തന്റെ കാറിനു കുറുകെ ചാടിയെന്നും ഈ സമയത്ത് കാര്‍ വെട്ടിച്ചപ്പോഴാണ് ജൂഡിന്റെ കാറില്‍ ഇടിച്ചതെന്നും രോഹിത് പറഞ്ഞു.