ഷൂട്ടിങ് അതീവ രഹസ്യമായി, കഥ പൂര്‍ണമായി അറിയുക മമ്മൂട്ടിക്ക് മാത്രം, പുറത്തുനിന്നുള്ളവര്‍ക്ക് അനുവാദം കൂടാതെ പ്രവേശനമില്ല; സിബിഐ അണിയറക്കഥ ഇങ്ങനെ

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (09:32 IST)
സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പുറത്ത്. അതീവ രഹസ്യമായാണ് കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയതിനാല്‍ ഷൂട്ടിങ് വിശേഷങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ലൊക്കേഷനിലേക്ക് അനുവാദം കൂടാതെ ആര്‍ക്കും പ്രവേശനമില്ല. സിനിമയുടെ കഥയും ട്വിസ്റ്റുകളും പൂര്‍ണമായി അറിയുന്നത് മമ്മൂട്ടിക്ക് മാത്രമാണ്. സിനിമയുടെ വിശേഷങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന് സംവിധായകന്‍ കെ.മധുവിനും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിക്കും നിര്‍ബന്ധമുണ്ട്. മമ്മൂട്ടിയല്ലാതെയുള്ള പ്രമുഖ അഭിനേതാക്കള്‍ക്കൊന്നും സിനിമയിലെ ട്വിസ്റ്റിനെ കുറിച്ച് അറിവില്ല. അവരവരുടെ ഭാഗത്തെ കുറിച്ച് മാത്രമാണ് സംവിധായകനും തിരക്കഥാകൃത്തും മറ്റ് അഭിനേതാക്കളോട് സംസാരിച്ചിട്ടുള്ളത്. 
 
അതേസമയം, സിബിഐ അഞ്ചില്‍ ജഗതി ശ്രീകുമാറും അഭിനയിക്കുമെന്ന് ഉറപ്പായി. സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. അഞ്ചാം ഭാഗത്തിലും ജഗതി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ സിബിഐയുടെ അസിസ്റ്റന്റ് ഓഫീസറായാണ് ജഗതി മുന്‍ സിനിമകളില്‍ അഭിനയിച്ചത്. വിക്രം എന്നായിരുന്നു ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനുശേഷം ജഗതി അഭിനയരംഗത്ത് സജീവമല്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍. 
 
അഞ്ചാം ഭാഗത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടിയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും സീനില്‍ ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടിയുടെ ആവശ്യം. സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും അത് സമ്മതിച്ചു. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിബിഐ അഞ്ചിലെ ചില രംഗങ്ങള്‍ ജഗതിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ചിത്രീകരിക്കുക. സിബിഐയില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടി ജഗതിയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article