Bramayugam: മമ്മൂട്ടി ചിത്രം ഭ്രമയുഗം വന്‍ വിജയത്തിലേക്ക്. ആദ്യദിനത്തേക്കാള്‍ ബുക്കിങ്ങും കളക്ഷനും രണ്ടാം ദിനത്തില്‍ സ്വന്തമാക്കിയാണ് ഭ്രമയുഗത്തിന്റെ ജൈത്രയാത്ര. റിലീസിനു ശേഷമുള്ള ആദ്യ വീക്കെന്‍ഡായ ഇന്നും നാളെയും തിയറ്ററുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. കുടുംബ പ്രേക്ഷകര്‍ അടക്കം ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യദിനം ഒരു ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയതെങ്കില്‍ രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് ഒന്നേകാല്‍ ലക്ഷവും കടന്നു. ആദ്യദിനം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മൂന്ന് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ അത് മൂന്ന് കോടി കടന്നേക്കുമെന്നാണ് കണക്കുകള്‍. റിലീസിനു ശേഷമുള്ള ആദ്യ ശനി, ഞായര്‍ കഴിയുമ്പോഴേക്കും വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി ആകാനും സാധ്യതയുണ്ട്.
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം മിസ്റ്ററി ഹൊറര്‍ ത്രില്ലറാണ്. വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. തമിഴ് അടക്കമുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പും ഉടന്‍ റിലീസ് ചെയ്യും.