കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നും പുറത്താക്കിയ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതോടെ വിശദീകരണവുമായി പ്രസിഡന്റ് മോഹൻലാൽ പത്രസമ്മേളനം നടത്തിയിരുന്നു.
എന്നാൽ, ദിലീപിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു മോഹൻലാലിന്റെ പത്രസമ്മേളനം. മോഹൻലാലിന്റെ നിലപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് അമർഷമുണ്ടെന്ന് നടി രമ്യ നമ്പീശൻ പറയുന്നു. വാക്കാൽ പരാതി നൽകിയാൽ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്ന് രമ്യ നമ്പീശൻ പറയുന്നു.
‘അമ്മ എന്റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? അവർ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോൾ അവർ അന്വേഷിച്ച് കാണും. അപ്പോൾ ആരോപണവിധേയൻ അത് തളളിക്കളഞ്ഞ് കാണും. ഇപ്പോൾ ഞാൻ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാൻ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി.’ - എന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞതായി രമ്യ നമ്പീശൻ പറയുന്നു.
വാർത്ത സമ്മേളനത്തിലൂടെ അമ്മ ആരോടൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമായതായി രമ്യ നമ്പീശൻ പറഞ്ഞു. വിവേചനം അംഗീകരിക്കാനികില്ല. ചിലർക്കുവേണ്ടി മാത്രം പ്രത്യേക നിയമങ്ങൾ കൊണ്ടുവരുകയാണ്.’–രമ്യ പറഞ്ഞു.