സിനിമയിലെത്തി 20 വർഷം,ഇപ്പോഴും പുതുമുഖമായി നിൽക്കുന്നത് വിഷമമുള്ള കാര്യം, നായികയാകാൻ അവസരം ലഭിച്ചത് തമിഴിൽ നിന്നാണ് ശാലിൻ സോയ

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (12:56 IST)
സിനിമയിലെത്തി 20 വർഷം പിന്നിടുന്നു ഇപ്പോഴും താനൊരു പുതുമുഖമായി നിൽക്കുന്നത് വിഷമമുള്ള കാര്യമാണെന്ന് ശാലിൻ സോയ. ഇതുവരെയും ഒരു നായിക കഥാപാത്രം ചെയ്തിട്ടില്ലെന്നും നായികയാവാൻ അവസരം ലഭിച്ചത് തമിഴിൽ നിന്നാണെന്നും മലയാളത്തിൽ തനിക്ക് അങ്ങനെയൊരു അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശാലിൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
'20 വർഷമായി സിനിമയിൽ വന്നിട്ട്.  ഇപ്പോഴും ഞാനൊരു പുതുമുഖമായി നിൽക്കുന്നത് വിഷമമുള്ള കാര്യമാണ്. മലയാളത്തിൽ ഞാനിതു വരെ ഒരു നായിക കഥാപാത്രം ചെയ്തിട്ടില്ല. എന്നെ വിളിച്ചിട്ടുമില്ല. തമിഴിലാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. തമിഴിലെ എന്റെ രണ്ടാമത്തെ സിനിമയാണ് കണ്ണഗി. എന്നെ നായികയായി കണ്ടതു പോലും തമിഴിലാണ്. മലയാളത്തിൽ എനിക്ക് അങ്ങനെയൊരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഞാൻ സിലക്ടീവ് ആയതുകൊണ്ടു സംഭവിച്ചതല്ല അത്. പലരും പറയും നിങ്ങൾ കഴിവുള്ള ആർട്ടിസ്റ്റാണ്. കാണാൻ നല്ല ഭംഗിയുണ്ട്, എന്നൊക്കെ. എന്നാൽപ്പിന്നെ നിങ്ങൾക്കു വിളിച്ചൂടെ എന്നു ചോദിച്ചാൽ, അതു പറ്റില്ലെന്നു പറയും. ഇതാണ് അവസ്ഥ. എനിക്കതിന്റെ യുക്തി ഇതുവരെ മനസിലായിട്ടില്ല',-ശാലിൻ പറഞ്ഞു.
 
ശാലിൻ സോയ ബാലതാരമായാണ് സിനിമയിൽ എത്തിയത്.സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്. കണ്ണകി എന്ന തമിഴ് ചിത്രത്തിൽ ശാലിൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നടിയുടെ അഭിനയം കണ്ട പ്രേക്ഷക ഓടിവന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article