മെക്‌സിക്കോ കൊടുത്ത എട്ടിന്റെ പണി ?; ജര്‍മ്മന്‍ പടയില്‍ കലഹം - അസംതൃപ്തനായി ലോ

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (16:16 IST)
മെക്‌സിക്കോയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന തോല്‍‌വി ഏറ്റുവാങ്ങിയ ജര്‍മ്മന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. പരിശീലകന്‍ ജോക്കിം ലോ സൂപ്പര്‍താരങ്ങളായ മെസൂദ് ഓസില്‍ ഇകെയ് ഗുണ്ടോഗന്‍ എന്നിവരുമായി ഇടഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

തുര്‍ക്കി വംശജരായ ഓസിലും ഗുണ്ടോഗനും ആഴ്ചകള്‍ക്കു മുമ്പ് തുര്‍ക്കി പ്രസിഡന്റായ എര്‍ദോഗനുമായി കൂടിക്കാഴ്‌ച നടത്തിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. സൗദി അറേബ്യക്കെതിരായ സന്നാഹ മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ ഗ്രൌണ്ടിലിറങ്ങിയ ഗുണ്ടോഗനെ കൂക്കി വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. പിന്നാലെ,  ഇരുവരെയും ലോകകപ്പിനുള്ള ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് മുന്‍ താരം സ്റ്റെഫാന്‍ എഫന്‍ബര്‍ഗ് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

മെക്‌സിക്കോയ്‌ക്കെതിരെ തോല്‍‌വി ഏറ്റുവാങ്ങിയതോടെ വിഷയം ടീമില്‍ വീണ്ടും തലപൊക്കി. ആരാധകരോട് ഓസിലും ഗുണ്ടോഗനും മാപ്പ് പറയാത്തതില്‍ ജോക്കിം ലോ അസംതൃപ്തനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആരാധകരെ ഒപ്പം നിര്‍ത്താന്‍ ഇതിലൂടെ സാധിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.

മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ ഇലവനില്‍ ഓസിലിനെ പരിശീലകന്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഓസിലിനു തന്റെ പതിവു പ്ലേമേക്കര്‍ മികവിലേക്ക് എത്താനായില്ല. മികച്ച അവസരങ്ങള്‍ സ്രഷ്‌ടിക്കുന്നതിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും താരം പരാജയപ്പെട്ടു. ആരാധകര്‍ ഉയര്‍ത്തിവിട്ട പ്രതിഷേധം താരത്തെയും ടീമിനെയും ബാധിച്ചു എന്നതിന്റെ തെളിവായിരുന്നു ഇത്.

ഇതോടെ ആരാധകര്‍ കൂട്ടത്തോടെ ഓസിലിനെതിരെ തിരിയാനുള്ള സാഹചര്യമുണ്ടെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article