ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്, ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? !

റിജിഷ മീനോത്ത്
ചൊവ്വ, 29 ജനുവരി 2019 (18:08 IST)
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍‌ചാണ്ടി കോട്ടയത്ത് മത്സരിക്കുമോ ഇടുക്കിയില്‍ മത്സരിക്കുമോ? കേരളരാഷ്ട്രീയത്തില്‍ അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതാണ്. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് വൃത്തങ്ങളാണ് ഇക്കാര്യം മുഖ്യ ചര്‍ച്ചാവിഷയമാകാന്‍ ആഗ്രഹിക്കുന്നതെന്നതും യാഥാര്‍ത്ഥ്യം.
 
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍‌ചാണ്ടിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ല. അതിലുപരി എ ഗ്രൂപ്പും ഇക്കാര്യത്തില്‍ ഒരു ശതമാനം പോലും താല്‍പ്പര്യമെടുക്കുന്നില്ല. ഉമ്മന്‍‌ചാണ്ടിയെ കേരള രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് അദ്ദേഹത്തിന്‍റെ പേര് ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് എ ഗ്രൂപ്പിന്‍റെ അഭിപ്രായം.
 
നിയമസഭയില്‍ ഒരേ മണ്ഡലത്തില്‍ 48 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍‌ചാണ്ടിക്ക് അരനൂറ്റാണ്ട് എന്ന മാജിക് നമ്പരിലേക്കെത്താന്‍ ഇനി രണ്ടുവര്‍ഷം മതി. അതുകൊണ്ടുതന്നെ നിയമസഭയില്‍ തുടരാന്‍ തന്നെയാണ് ഉമ്മന്‍‌ചാണ്ടി ആഗ്രഹിക്കുന്നത്.
 
ഉമ്മന്‍‌ചാണ്ടിയെ കേരളത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിപദത്തിലേക്ക് രമേശ് ചെന്നിത്തലയ്ക്ക് ഒരു എതിര്‍ശബ്ദം ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ് ഐ ഗ്രൂപ്പിന്‍റെ തന്ത്രമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
 
അതുകൊണ്ടുതന്നെ അവര്‍ ഒരു ബദല്‍ നിര്‍ദ്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. കോട്ടയത്തും ഇടുക്കിയിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉറപ്പായും ജയിക്കും. അതിന് ഉമ്മന്‍‌ചാണ്ടി മത്സരിക്കണമെന്നൊന്നുമില്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉന്നത പദവിയിലെത്തിയ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല.
 
ആലപ്പുഴ മണ്ഡലം ഇടതുപക്ഷത്തേക്ക് പോകാതിരിക്കണമെങ്കില്‍ അവിടെ കരുത്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണം. രമേശ് ചെന്നിത്തല ആലപ്പുഴയില്‍ മത്സരിച്ചാല്‍ ആലപ്പുഴ സുരക്ഷിതമായിരിക്കും. ഇതാണ് എ ഗ്രൂപ്പ് നേതാക്കള്‍ ഉയര്‍ത്തുന്ന വാദം.
 
ആലപ്പുഴയില്‍ നിന്ന് രമേശ് ചെന്നിത്തല വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുകയും ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയും ചെയ്യുക എന്ന പോംവഴിയാണ് ഈ പ്രതിസന്ധിക്ക് എ ഗ്രൂപ്പ് ഉയര്‍ത്തുന്ന പരിഹാരം. എന്തായാലും വരും നാളുകളില്‍ ഉമ്മന്‍‌ചാണ്ടിയെ ചൊല്ലി സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article