Human Rights Day 2024: എല്ലാ വര്‍ഷവും ഡിസംബര്‍ 10 നാണ് ലോക മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മനുഷ്യാവകാശ നിയമം പ്രചരിപ്പിക്കുന്നതിനും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന ദിവസം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും മനുഷ്യാവകാശ പ്രതിജ്ഞയെടുത്തുകൊണ്ട് മനുഷ്യാവകാശ ദിനം ആചരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1950 ലാണ് ആദ്യമായി മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.
മനുഷ്യാവകാശ പ്രതിജ്ഞ
ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തി കൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.