ശകുന്തളയുടെ കൊലപാതകം: പ്രതിയുടെ മരണം കൊലപാതകമോ? പോക്കറ്റില്‍ കണ്ട പൊടി പൊട്ടാസ്യം സയനൈഡ്!

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (17:14 IST)
കായലില്‍ വീപ്പയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കാണപ്പെട്ട ശകുന്തളയുടെ കൊലയാളി മരിച്ചതെങ്ങനെ? ശകുന്തളയുടെ കൊലയാളിയെന്ന് പൊലീസ് പറയുന്ന സജിത്തിന്‍റെ മരണവും കൊലപാതകമാണോ? സജിത്തിന്‍റെ മൃതദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച വെളുത്ത പൊടി പൊട്ടാസ്യം സയനൈഡാണെന്ന് സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
 
സജിത്തിന്‍റെ മരണം കൊലപാതകമാണെന്ന സംശയമുയരുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സജിത്തിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും പോക്കറ്റിലിട്ട് നടന്ന സജിത്ത് ഹൃദയസ്തംഭനം വന്നുമരിച്ചെന്ന് കോടതിയില്‍ പറയേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ പൊലീസ്.
 
സജിത്തിന്‍റേത് ആത്മഹത്യയോ കൊലപാതകമോ എന്ന് സംശയിക്കുന്നതിന് മറ്റ് കാരണങ്ങളുമുണ്ട്. ശകുന്തളയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയിലാണ് കായലില്‍ തള്ളിയത്. അതേ രീതിയില്‍ നെട്ടൂര്‍ കായലില്‍ നിന്ന് മറ്റൊരു മൃതദേഹവും ലഭിച്ചിരുന്നു. അതൊരു അജ്ഞാത യുവാവെന്ന് മാത്രമേ ഇതുവരെ റിപ്പോര്‍ട്ടുള്ളൂ. ആ യുവാവ് ആരാണ്? ആ കൊലപാതകവും ഈ സംഭവങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇതൊക്കെ അന്വേഷിക്കേണ്ടതാണ്.
 
എന്നാല്‍ പൊലീസ് ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ശകുന്തളയുടെ കൊലപാതകക്കേസിലെ പ്രതി സജിത്താണെന്നും സജിത്ത് ഹൃദയാഘാതം മൂലം മരിച്ചെന്നും രേഖപ്പെടുത്തി ഈസിയായി പൊലീസിന് ഈ കേസ് ക്ലോസ് ചെയ്യാം. എന്നാല്‍ സമൂഹമനസില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഒരുത്തരവും നല്‍കാന്‍ അത്തരമൊരു നടപടി മൂലം കഴിയില്ല.
 
ശകുന്തളയുടെ കൊലപാതകക്കേസിലെ യഥാര്‍ത്ഥ പ്രതി സജിത്താണോ? എങ്കില്‍ സജിത്ത് ഒറ്റയ്ക്കാണോ ആ കൃത്യം ചെയ്തത്? എങ്കില്‍ സജിത്തിന്‍റെയും നെട്ടൂര്‍ കായലില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട യുവാവിന്‍റെ മരണങ്ങളുടെ യഥാര്‍ത്ഥ കാരണമെന്ത്? വരും ദിവസങ്ങളില്‍ പൊലീസ് ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article