ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ കാണുന്നത്: ജയരാജന്‍

വ്യാഴം, 8 മാര്‍ച്ച് 2018 (11:21 IST)
ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ത്രിപുരയില്‍ വ്യക്തമാകുന്നതെന്ന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുമായ എം വി ജയരാജന്‍. ചുറ്റുവട്ടം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. ലെനിന്റെ ആശയങ്ങളെ മാത്രമല്ല, ലെനിന്റെ പ്രതിമയുടെ രൂപത്തിലുള്ള സാന്നിദ്ധ്യവും ബി.ജെ.പി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
എന്താണ് ബി.ജെ.പിയുടെ യഥാര്‍ത്ഥമുഖം എന്നതിന്റെ വ്യക്തതയാണ് ത്രിപുരയില്‍ ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസ്സും പണാധിപത്യവും സമ്മാനിച്ച വിജയത്തില്‍ അഹങ്കരിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ്സ്, വ്യാപകമായ അക്രമമാണ് ഈ സംസ്ഥാനത്ത് അഴിച്ചുവിട്ടിരിക്കുന്നത്. 100 കണക്കിന് സഖാക്കള്‍ക്ക് പരിക്കേറ്റു. നിരവധിയായ വീടുകളും സി.പി.ഐ.എമ്മിന്റേയും ഇടതുപക്ഷ പാര്‍ട്ടികളുടേയും ഓഫീസുകളും തകര്‍ക്കപ്പെട്ടു. നിരവധി മുസ്ലീം പള്ളികള്‍ ആക്രമിക്കപ്പെട്ടു.
 
ഗുജറാത്തില്‍ വംശഹത്യയ്ക്ക് തുനിഞ്ഞവര്‍, ഗര്‍ഭിണിയെ ബലാത്സംഘം ചെയ്ത് ഗര്‍ഭസ്ഥശിശുവിനെ ശൂലത്തില്‍ കുത്തിയെടുത്ത് അമ്മയേയും കുട്ടിയേയും ചുട്ടുകരിച്ചത് വാര്‍ത്തയായതാണ്. സംഘപരിവാറിന്റെ അതേഭീകരതയാണ് അധികാരത്തിന്റെ തണലില്‍ ത്രിപുരയിലും അരങ്ങേറിയിരിക്കുന്നത്. പൂര്‍ണ്ണഗര്‍ഭിണിയെ കൊലപ്പെടുത്തിയ സംഘപരിവാര്‍ ഭീകരത പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്.
 
കേരളത്തിലെ മാധ്യമങ്ങള്‍ ഈ സംഘപരിവാര്‍ ഭീകരത കണ്ടതായിപ്പോലും നടിക്കുന്നില്ല. ആക്രമം സി.പി.ഐ.എമ്മിന് നേരെയാണെങ്കില്‍ അത് സംഗീതം പോലെ ആസ്വദിക്കപ്പെടേണ്ടതാണെന്ന് ഇത്തരം മാധ്യമങ്ങള്‍ ഫലത്തില്‍ പ്രചരിപ്പിക്കുന്നു എന്ന് കരുതണം. ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മലയാളത്തിലെ ഒരു പ്രധാന ചാനലിന്റെ തലക്കെട്ട് ‘ത്രിപുരയില്‍ സി.പി.ഐ.എമ്മിന് 44 വെട്ടോ ?’ എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയ-പരാജയവും അതിന്റെ രാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സി.പി.ഐ.എം വെട്ടേല്‍ക്കേണ്ടവരാണ് എന്നധ്വനിയുയര്‍ത്തുന്നവിധം വാര്‍ത്താതലക്കെട്ട് തന്നെ നല്‍കിയതുവഴി മാതൃഭൂമി ചാനല്‍ എന്ത് സന്ദേശമാണ് നല്‍കിയത്..!?.
 
ആരും ആക്രമിക്കപ്പെടരുത് എന്ന് നിലപാട് സ്വീകരിക്കുന്നതിന് പകരം ബി.ജെ.പി വിജയം സി.പി.ഐ.എമ്മിനുമേലുള്ള 44 വെട്ടുകളാക്കിയാണ് മാതൃഭൂമി ചര്‍ച്ച നടത്തിയത്. ഈ മാധ്യമത്തിന്റെ നിലവാരമോര്‍ത്ത് കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..!. ഇപ്പോള്‍ വ്യാപകമായി ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വെയ്ക്കുമ്പോഴും ഇത്തരം മാധ്യമപ്രവര്‍ത്തകരുടെ നിലപാട് ഒരിക്കല്‍ കൂടി വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.
 
ലെനിനിന്റെ പ്രതിമയെപ്പോലും സംഘപരിവാര്‍ ആക്രമിക്കുകയാണ്. മഹാനായ ലെനിനിന്റെ ആശയങ്ങളെ മാത്രമല്ല, ലെനിനിന്റെ പ്രതിമയുടെ രൂപത്തിലുള്ള സാന്നിദ്ധ്യവും ബി.ജെ.പി ഭയക്കുകയാണ്. ആര്‍.എസ്.എസ്സുകാര്‍ പള്ളി തകര്‍ത്താല്‍ വിശ്വാസിയുടെ വിശ്വാസം തകരൈല്ലെന്നതുപോലെ, പ്രതിമ തളര്‍ത്താല്‍ സി.പി.ഐ.എം നശിച്ചുപോകും എന്ന് വിചാരിക്കുന്നവര്‍ വിഡ്ശികളുടെ സ്വര്‍ഗ്ഗത്തിലാണ്. ത്രിപുരയില്‍ ജനാധിപത്യം പൂര്‍ണ്ണമായും കാറ്റില്‍ പറത്തി, സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ഗര്‍ഭിണിയുള്‍പ്പടെ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് നിശ്ശബ്ദമാവുമ്പോള്‍, അത് കുറ്റകരമായ മൗനം തന്നെയാണ്. ഇവിടെ ജനാധിപത്യവും മതനിരപേക്ഷതയും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനവും സംരക്ഷിക്കാന്‍ പോരാട്ടം ശക്തമാക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ നാടിന്റെ അനിവാര്യതയായിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍