ലോകകപ്പ്: കമന്റേറ്ററാകാന്‍ എത്തി; മടങ്ങിയത് താരമായിട്ട്

Webdunia
ബുധന്‍, 23 ഫെബ്രുവരി 2011 (13:10 IST)
PRO
PRO
അപ്രതീക്ഷീത മുഹൂര്‍ത്തങ്ങളുടെ വേദിയാണ് ലോകകപ്പ് ക്രിക്കറ്റ്. വന്‍താരങ്ങള്‍ നിര്‍ഭാഗ്യത്തിന്റെ പിച്ചില്‍ തീരാവേദനയായി മാറുന്നതിനും അപ്രസക്ത താരങ്ങള്‍ ഒരു കളി കൊണ്ട് വീരന്‍‌മാരാകുന്നതിനും ലോകകപ്പ് സാക്ഷിയാകാറുണ്ട്. എന്നാല്‍ സിംബാബ്‌വെയുടെ അലിസ്റ്റര്‍ കാം‌പല്‍ ശ്രദ്ധേയനായത് ഇതുകൊണ്ടൊന്നുമല്ല.

കമന്റേറ്ററാകാനാണ് സിംബാബ്‌വെയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ കാം‌പല്‍ 2003 ലോകകപ്പിനെത്തിയത്. എന്നാല്‍ ‘വിധി‘ അദ്ദേഹത്തെ പിച്ചിലിറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ലോകകപ്പ് ടീമില്‍ ഇടം കിട്ടാത്തതിനാലാണ് സിംബാബ്‌വെയുടെ ഇടംകയ്യന്‍ ബാറ്റ്സ്മാനായ കാം‌പല്‍ കമന്റേറ്ററാകാന്‍ തീരുമാനിച്ചത്. എന്നാല്‍ മൈക്രോഫോണുമായി ലോകകപ്പിന്റെ ഭാഗമാകാന്‍ എത്തിയ കാം‌പലിനോട് പിച്ചിലിറങ്ങാന്‍ സിംബാബ്‌വെ ക്രിക്കറ്റ് യൂണിയന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പരുക്ക് അലട്ടിയിരുന്ന സിംബാബ്‌വെയ്ക്ക് സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ കളിക്കാന്‍ ഒരു താരത്തെ ഉള്‍പ്പെടുത്തിയേ മതിയാകുമായിരുന്നുള്ളൂ. പരിശീലനത്തിനിടെ തലയില്‍ പരുക്കേറ്റ മാര്‍ക്ക് വെര്‍‌മൂലിന് പകരക്കാരന്‍ ആകാനാണ് കാം‌പലിനോട് അധികൃതര്‍ ആവശ്യപ്പെട്ടത്. ഹരാരേ വിമാനത്താവളത്തില്‍ നിന്ന് ഭാര്യ, കാം‌പലിന് ക്രിക്കറ്റ് സാമഗ്രികള്‍ അയച്ചുകൊടുക്കുകയായിരുന്നു.

ഈ ലോകകപ്പ് മത്സരത്തോടെ കാം‌പല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ സിംബാബ്‌വെയുടെ ക്രിക്കറ്റ് സെലക്ഷന്‍ ചെയര്‍മാനാണ് കാം‌പല്‍.