‘പുള്‍ ഷോട്ടുകള്‍ പ്രാക്‍ടീസ് ചെയ്‌ത് ധോണി, ബോള്‍ ചെയ്‌ത് കോഹ്‌ലി; ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി തുടങ്ങാന്‍ ഇന്ത്യ

Webdunia
വെള്ളി, 31 മെയ് 2019 (17:33 IST)
ആയുധങ്ങള്‍ തേച്ചുമിനുക്കി കാത്തിരിക്കുകയാണ് വിരാട് കോഹ്‌ലിയും സംഘവും. സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയം ഏറ്റുവാങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരെ മിന്നന്ന ജയം നേടിയാണ് ഇന്ത്യ ലോകകപ്പിന് ഒരുങ്ങിയത്.

കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടിനോട് കനത്ത തോല്‍‌വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാകും പ്രോട്ടീസ് കളത്തിലിറങ്ങുക. ഇതാകും കോഹ്‌ലിക്കും സംഘത്തിനും നേട്ടമാകുക.

ആദ്യം ബോളിംഗിലും പിന്നെ ബാറ്റിംഗിലും പതറിയാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് തോല്‍‌വി വഴങ്ങിയത്. ശക്തമായ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്‌ക്കെതിരെ മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റിംഗ് പിഴച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ. എബി ഡിവില്ലിയേഴ്‌സിന്റെ അഭാവം ബാറ്റിംഗ് നിരയുടെ ശക്തി കുറച്ചെന്ന് വ്യക്തമാക്കുന്ന മത്സരമായിരുന്നു അത്.

ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓപ്പണിംഗ് വിക്കറ്റില്‍ ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ്മ ജോഡികള്‍ തിളങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതും പന്തിന്റെ ഗതി മനസിലാക്കാന്‍ കഴിയാത്തതുമാണ് ഹിറ്റ്‌മാന് തിരിച്ചടിയാകുന്നത്.

ഇംഗ്ലീഷ് പിച്ചുകളില്‍ അപ്രതീക്ഷിത സ്വിംങ് ഉണ്ടാകും. ഈ പന്തുകളാണ് ധവാനെ കൂടാരം കയറ്റുന്നത്. ആശങ്കയുണ്ടാക്കിയ നാലാം നമ്പരില്‍ കെഎല്‍ രാഹുല്‍ സ്ഥാനമുറപ്പിച്ചതും ഫോം വീണ്ടെടുത്തതുമാണ് ആശ്വാസം പകരുന്നത്. മധ്യനിരയില്‍ മഹേന്ദ്ര സിംഗ് ധോണിയുള്ളതും വാലറ്റത്ത് ഹാര്‍ദിക് പാണ്ഡ്യ എത്തുന്നതും ബാറ്റിംഗ് നിരയുടെ കരുത്താണ്.

ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയടിച്ച് ധോണി ടീമിന് ഇരട്ടി ആത്മവിശ്വാസം നല്‍കുന്നുണ്ട്. സതാംപ്ടണിലെത്തിയ ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം ദീര്‍ഘനേരം പരിശീലനം നടത്തി. ഇംഗ്ലീഷ് പിച്ചുകളില്‍ അപ്രതീക്ഷിത ബൌണ്‍സ് ഉണ്ടാകും. ഇത് മുന്നില്‍ കണ്ട് അദ്ദേഹം നെറ്റ്‌സില്‍ പുള്‍ ഷോട്ടുകള്‍ പ്രാക്‍ടീസ് ചെയ്‌തു. സ്വിംങ് ബോളുകളെ നേരിടാനുള്ള പരിശീലനവും നടന്നു.

ഫീല്‍ഡിങ്ങിലായിരുന്നു ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മുപ്പത് വാരയ്ക്കുള്ളില്‍ നിന്ന് സ്റ്റംപിലേക്ക് പന്തെറിഞ്ഞ് കൊള്ളിക്കാന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ താരങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. കോഹ്‌ലി ബോളിംഗ് പരിശീലനം നടത്തിയത് ആരാധകരില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ടുള്ള പോക്ക് എളുപ്പമാക്കുമെന്നാണ്  കോഹ്‌ലിയുടെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article