വലിപ്പത്തിൽ ഏഴിരട്ടിയുള്ള ഇന്ത്യയെ ക്രിക്കറ്റിൽ ഞങ്ങൾ സ്ഥിരമായി തോൽപ്പിച്ചിരുന്നു: ഇ‌മ്രാൻ ഖാൻ

അഭിറാം മനോഹർ
ശനി, 25 ജനുവരി 2020 (10:53 IST)
പാകിസ്ഥാനിലെ ജനസമ്പത്ത് മറ്റേതൊരു രാജ്യത്തെക്കാളും വലിയ സാധ്യതകളാണ് രാജ്യത്തിന് മുൻപിൽ തുറന്നിടുന്നതെന്ന് മുൻ ക്രിക്കറ്റ് താരം കൂടിയായ പാക് പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ. പാക്കിസ്ഥാന്റെ ജനസമ്പത്ത് അമൂല്യമാണെന്നു തെളിയിക്കാൻ ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ ക്രിക്കറ്റിൽ തുടർച്ചയായി പാകിസ്ഥാൻ തോൽപ്പിച്ചിരുന്ന കാര്യമാണ് ഇ‌മ്രാൻ പറഞ്ഞത്. 1992ൽ പാകിസ്ഥാനെ ലോകകപ്പ് വിജയിപ്പിച്ച നായകനാണ് ഇ‌മ്രാൻ. ഹോക്കിയിലും പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നതായി ഇ‌മ്രാൻ കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിലാണ് ഇ‌മ്രാൻ ഖാന്റെ പ്രസ്താവന.
 
 
1960കളിൽ പാകിസ്ഥാൻ മുൻനിര രാജ്യങ്ങളിലൊന്നായിരുന്നെന്നും എന്നാൽ ജനാധിപത്യം വേരുപിടിക്കാതെ പോയതാണ് രാജ്യത്തിന് തിരിച്ചടിയായതെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. ഇന്ത്യ പാകിസ്ഥാന്റെ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ് ഞാനെല്ലാം കളിച്ചിരുന്നപ്പോൾ ക്രിക്കറ്റിൽ ഇന്ത്യയെ ഞങ്ങൾ സ്ഥിരമായി തോൽപ്പിച്ചിരുന്നു. ഹോക്കിയിലും ഇതുതന്നെയായിരുന്നു അവസ്ഥ.ഞങ്ങൾ എല്ലാ മേഖലയിലും മുന്നിലായിരുന്നു- ഇ‌മ്രാൻ പറഞ്ഞു
 
അതേസമയം ട്വന്റി20യിൽ ഒഴികെ മറ്റു ക്രിക്കറ്റിന്റെ രണ്ടു ഫോർമാറ്റുകളിലും വിജയത്തിന്റെ എണ്ണത്തിൽ ഇന്ത്യയ്ക്കുമേൽ മേൽക്കൈ ഉള്ള രാജ്യമാണ് പാകിസ്ഥാൻ. ഇതുവരെ 59 ടെസ്റ്റുകൾ ഇരുരാജ്യങ്ങളും തമ്മിൽ കളിച്ചപ്പോൾ 12 വിജയങ്ങൾ പാകിസ്ഥാന്റെ പേരിലും 9 എണ്ണം ഇന്ത്യയുടെ പേരിലുമാണ്. 132 ഏകദിനമത്സരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ കളിച്ചപ്പോൾ പാകിസ്ഥാന് 73 ജയങ്ങളും ഇന്ത്യക്ക് 55 ജയങ്ങളുമാണുള്ളത്. എന്നാൽ ടി20യിൽ ഇരുരാജ്യങ്ങളും 8 തവണ പരസ്പരം മത്സരിച്ചപ്പോൾ 6 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. ഒരേയൊരു മത്സരത്തിലാണ് ടി20യിൽ പാകിസ്ഥാന് വിജയിക്കാനായിട്ടുള്ളത്.
 
അതേ സമയം ഏകദിന ടി20 ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ ഇതുവരെയും ഒരു വിജയം സ്വന്തമാക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article