രഹാനയ്ക്ക് നാട്ടിലും ഒരവസരം നൽകണം, അതിലും കഴിവ് തെളിയിക്കാനായില്ലെങ്കിൽ കളി അവസാനിപ്പിക്കാമെന്ന് സെവാഗ്

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:11 IST)
മോശം ബാറ്റിങ് ഫോമിന്റെ പേരിൽ നിരന്തരം പഴി കേൾക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ഉപനായകൻ അജിങ്ക്യ രഹാനെ. ക്യാപ്‌റ്റനെന്ന നിലയിൽ ഓസ്ട്രേലിയൻ പര്യടനത്തിലെ ഇതിഹാസവിജയം അവകാശപ്പെടാനുണ്ടെങ്കിലും അടുത്ത് കാലത്ത് ബാറ്റുകൊണ്ട് മികവ് പുലർത്താൻ രഹാനക്കായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെന്നാലാം ടെസ്റ്റിൽ രഹാനയ്ക്ക് ബാറ്റിങ് ഓർഡറിൽ സ്ഥാനം കീഴ്‌പോട്ടാകുകയും ചെയ്‌തിരുന്നു.
 
ഇപ്പോഴിതാ  രഹാനെയുടെ ബാറ്റിംഗ് പരാജയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. വിദേശത്ത് പരാജയപ്പെട്ടെങ്കിലും നാട്ടിൽ ഒരവസരം കൂടി രഹാനയ്ക്ക് നൽകണമെന്നാണ് സെവാഗ് പറയുന്നത്. ഒരു ഫിഫ്റ്റി പോലുമില്ലാതെ എട്ടോ ഒന്‍പതോ ടെസ്റ്റുകളില്‍ കാര്യമായൊന്നും ചെയ്യാത്ത വമ്പന്‍ താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് 1200-1500 റണ്‍സ് ഒരു വര്‍ഷം അവർ തന്നെ നേടുന്നതും കണ്ടിട്ടുണ്ട്. എല്ലാവരും കരിയറിൽ മോശം സമയത്തിലൂടെ കടന്നുപോകും. . എന്നാല്‍ മോശം ഘട്ടത്തെ എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാനം. ഇന്ത്യയില്‍ അടുത്ത ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ രഹാനെയ്‌ക്ക് അവസരം നല്‍കണം. അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, താങ്കളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് അവസാനിപ്പിക്കാം. സെവാഗ് പറഞ്ഞു.
 
മെൽബൺ ടെസ്റ്റിൽ ഓസീസിനെതിരായ മാച്ച് വിന്നിങ് സെഞ്ചുറിക്ക് ശേഷം കാര്യമായ പ്രകടനങ്ങൾ നടത്താൻ രഹാനയ്ക്കായിട്ടില്ല. 2021ല്‍ കളിച്ച 11 ടെസ്റ്റുകളില്‍ 19.57 ശരാശരിയില്‍ 372 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. 19 ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് സമ്പാദ്യം. ഇംഗ്ലണ്ട് പര്യടനത്തിൽ ഏഴ് ഇന്നിങ്സുകളിൽ നിന്ന് 15.57 ശരാശരിയിൽ 109 റൺസ് മാത്രമാണ് രഹാനയ്ക്ക് നേടാനായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article