ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമെന്ന വിശേഷണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം. വിദേശങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം എതിർടീമിന് വെല്ലുവിളിയുയർത്തുന്ന കോലിയും സംഘവും ഓസീസിലെ കിരീട വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിലും അത് ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
യഥാർഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഇന്ത്യൻ നായകൻ ചെയ്യുന്നത്. വിജയമോ തോൽവിയോ ഇല്ലാതെ വിരസമായ സമനിലകൾ തരുന്ന അഞ്ച് ദിവസ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ആരാധകർ ടി20യിലേക്കും ഏകദിന ക്രിക്കറ്റിലേക്കും തിരിക്കുമ്പോഴാണ് ടെസ്റ്റ് ക്രിക്കറ്റിനെ പഴയപ്രതാപത്തിലേക്ക് നയിക്കുന്ന മിശിഹയായി കോലി അവതരിക്കുന്നത്.
ഇന്ത്യൻ ടീം ഏറെ പിന്നിലായിരുന്ന പേസ് ഡിപ്പാർട്ട്മെന്റ് പുനരുജ്ജീവിപ്പിച്ച കോലി ടീമിന് നൽകുന്ന ആവേശം അളവറ്റതാണ്. കോലിക്ക് വേണ്ടിയാണ് ഇന്ത്യൻ ടീം കളിക്കുന്നതെന്ന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും തോന്നിപോകുന്ന തരത്തിലാണ് മൈതാനത്ത് നിറഞ്ഞാടുന്ന 11 പേരുടെ ഇന്ത്യൻ സംഘം ഇന്ന്. ഒരിക്കലും തോൽവി സമ്മതിക്കാത്ത കോലി ഡിഎൻഎ ടീമിലെ 11 പേരിലേക്കും കോലി നൽകിയപ്പോൾ കഴിഞ്ഞ വർഷങ്ങളിലായി ടെസ്റ്റിൽ പിറന്നത് ആവേശകരമായ പോരാട്ടങ്ങൾ.
ഒരു ഘട്ടത്തിൽ ഏകദിനക്രിക്കറ്റിനേക്കാൾ ജനപ്രീതി നേടുന്ന തരത്തിൽ ടെസ്റ്റ് ക്രിക്കറ്റ് വളർന്നെങ്കിൽ അതിന് പിന്നിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ മിശിഹയായി അവതരിച്ച കോലി മാത്രമാണ്. ഷെയ്‌ൻ വോണിനെ കൊണ്ട് കോലി നീളാൽ വാഴട്ടെ, ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴട്ടെ എന്ന് പറയിപ്പിച്ചത് തന്നെ ഇതിന് അടിവരയിടുന്നു