IPL 2025 Suspended for one week: ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുന്നത് ഒരാഴ്ചത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം

രേണുക വേണു

വെള്ളി, 9 മെയ് 2025 (15:27 IST)
IPL 2025 Suspended for one week: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. മേയ് ഒന്‍പത് മുതല്‍ ഒരാഴ്ചത്തേക്കാണ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം ടൂര്‍ണമെന്റ് പുനഃരാരംഭിക്കാനാണ് ഐപിഎല്‍ ഭരണ സമിതിയുടെ തീരുമാനം. 
 
ഉത്തരവാദിത്തപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷം ഇനിയുള്ള മത്സരങ്ങളുടെ സമയക്രമവും സ്ഥലവും തീരുമാനിക്കുമെന്നും ഐപിഎല്‍ ഭരണ സമിതി വ്യക്തമാക്കി. മത്സരങ്ങള്‍ പൂര്‍ണമായി റദ്ദാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതിഗതികള്‍ ശാന്തമായാല്‍ മത്സരങ്ങള്‍ പുനഃരാരംഭിക്കും. വിവിധ ഫ്രാഞ്ചൈസുകളുടെ ഉടമകളുമായി ഐപിഎല്‍ ഭരണ സമിതി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. 
 
'യുദ്ധസമാനമായ സാഹചര്യത്തില്‍ രാജ്യം നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലൊരു കാര്യമായി തോന്നുന്നില്ല,' ബിസിസിഐ നേതൃത്വത്തിലെ ഒരു അംഗം പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ധരംശാലയില്‍ വെച്ച് നടക്കുകയായിരുന്ന പഞ്ചാബ് കിങ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. മേയ് 25 നു ഐപിഎല്‍ അവസാനിക്കാനിരിക്കെയാണ് സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍