ടി 20 ലോകകപ്പിനു ശേഷം വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; റിപ്പോര്‍ട്ട്

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:55 IST)
ടി 20 ലോകകപ്പിനു ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലി ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ കോലി ആലോചിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോലിയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ആണെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ പറയുന്നു. 
 
ഏകദിന, ടി 20 ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ടെസ്റ്റില്‍ മാത്രം ക്യാപ്റ്റനായി തുടരുന്നതാണ് കോലി ആലോചിക്കുന്നത്. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി നല്‍കാനാണ് കോലിയുടെ ആഗ്രഹം. ടി 20 ലോകകപ്പിനു ശേഷം കോലി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. 2023 ലെ ഏകദിന ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ടീമിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനും കോലി ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 
 
'വിരാട് തന്നെ ഇക്കാര്യം അറിയിക്കും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഴയ ഫോമിലേക്ക് തിരിച്ചുപോകാനും കോലി അതിയായി ആഗ്രഹിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി ഭാരം തന്റെ ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് കോലി തന്നെയാണ്. ഇനിയും രാജ്യത്തിനായി ധാരാളം സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ആ സാധ്യത അദ്ദേഹം തിരിച്ചറിയുന്നു. രോഹിത് നായക സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ ടെസ്റ്റില്‍ കോലിക്ക് ക്യാപ്റ്റന്‍സി തുടരാനും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ മാത്രം കൂടുതല്‍ ശ്രദ്ധിക്കാനും കഴിയും,' റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
കോലിക്ക് ഇപ്പോള്‍ 32 വയസ്സായി. അഞ്ച് വര്‍ഷം കൂടി ഫിറ്റ്‌നെസ് നിലനിര്‍ത്തി ടീമിന് വേണ്ടി കളിക്കാനാണ് കോലി ലക്ഷ്യമിടുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍