ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്പിന്‍ ബൗളിംഗില്‍ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം 2021ലെ ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്നെങ്കിലും ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിയത്. എന്നാല്‍ 2025ല്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കാണ് താരം വഹിച്ചത്.
ഈ സാഹചര്യത്തില്‍ 2021ലെ ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം താന്‍ കടന്നുപോയ സാഹചര്യങ്ങളെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് വരുണ്‍. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ തനിക്ക് ഒട്ടേറെ ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചെന്നും ആരാധകര്‍ തന്നെ ബൈക്കില്‍ പിന്തുടര്‍ന്ന് വന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും വരുണ്‍ ചക്രവര്‍ത്തി പറയുന്നു. 2021ലെ ലോകകപ്പിന് ശേഷം ഭീഷണികോളുകള്‍ വന്നിരുന്നു. ഇന്ത്യയിലേക്ക് വരരുത്. ശ്രമിച്ചാലും നിങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞവരുണ്ട്.
വിമാനത്താവളത്തില്‍ നിന്നും മടങ്ങുമ്പോള്‍ 2 പേര്‍ ബൈക്കില്‍ എന്നെ പിന്തുടര്‍ന്നു. ആരാധകര്‍ വൈകാരികമായാണ് മത്സരങ്ങളെ കാണുന്നതെന്ന് എനിക്ക് മനസിലാകും. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്ന പ്രശംസയില്‍ ഏറെ സന്തോഷവാനാണ്. തീര്‍ച്ചയായും ചാമ്പ്യന്‍സ് ട്രോഫി ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ഞാന്‍ കരുതുന്നു. നാല് മത്സരങ്ങളിലാണ് ഞാന്‍ കളിച്ചത്. അതില്‍ മികച്ച പ്രകടനം നടത്താനായി. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വരുണ്‍ പറഞ്ഞു.