ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

അഭിറാം മനോഹർ

ചൊവ്വ, 5 ഓഗസ്റ്റ് 2025 (14:20 IST)
India vs England
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ ന്യൂബോള്‍ എടുക്കാതിരിക്കാനുള്ള തീരുമാനമാണെന്ന് നായകന്‍ ശുഭ്മാൻ ഗില്‍. അഞ്ചാം ദിവസം കളി പഴയപന്തില്‍ 80 ഓവറുകള്‍ പിന്നിട്ട സാഹചര്യത്തില്‍ ന്യൂബോള്‍ എടുക്കാന്‍ ഇന്ത്യന്‍ ടീമിന് അവസരമുണ്ടായിരുന്നു. എന്നാല്‍ പേസര്‍ മുഹമ്മദ് സിറാജുമായി ചര്‍ച്ച ചെയ്ത ഇന്ത്യന്‍ നായകന്‍ ന്യൂബോള്‍ എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നില്‍ കൃത്യമായ കാരണമുണ്ടായിരുന്നുവെന്ന് ഗില്‍ പറയുന്നു.
 
മത്സരത്തില്‍ പഴകിയ പന്തില്‍ നിന്നും പ്രസിദ്ധ് കൃഷ്ണയ്ക്കും സിറാജിനും സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. പന്തിന്റെ ലോ ബൗണ്‍സും ഇന്ത്യന്‍ ടീമിന് ഗുണകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂ ബോള്‍ ഇന്ത്യ വേണ്ടെന്ന് വെച്ചത്. ന്യൂബോള്‍ വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. കാരണം പഴയ പന്തില്‍ നല്ല രീതിയില്‍ സിറാജും പ്രസിദ്ധും പന്തെറിഞ്ഞിരുന്നു. ഇംഗ്ലണ്ട് ആ നിമിഷത്തില്‍ സമ്മര്‍ദ്ദത്തിലായിരുന്നു. അത് മുതലെടുക്കാനാണ് ശ്രമിച്ചത്. മത്സരശേഷം ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
 
 മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരുടെ അതിഗംഭീരപ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. ഇന്ത്യയുടെ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് 301ന് 3 എന്ന നിലയില്‍ നിന്നായിരുന്നു വന്‍ തകര്‍ച്ചയിലേക്ക് വീണത്. ആദ്യ ഇന്നിങ്ങ്‌സില്‍ നാലും രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. പ്രസിദ്ധ് കൃഷ്ണ 2 ഇന്നിങ്ങ്‌സുകളില്‍ നിന്നുമായി 8 വിക്കറ്റും മത്സരത്തില്‍ വീഴ്ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍