ഗംഭീറിനു ആശ്വസിക്കാം; ഓവലില്‍ തോറ്റിരുന്നെങ്കില്‍ പണി കിട്ടിയേനെ !

രേണുക വേണു

ബുധന്‍, 6 ഓഗസ്റ്റ് 2025 (08:59 IST)
ഓവല്‍ ടെസ്റ്റില്‍ ജയിച്ച് ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയിലായപ്പോള്‍ 'ശ്വാസം വീണത്' ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഗംഭീറിന്റെ പരിശീലന സ്ഥാനം തുലാസില്‍ നില്‍ക്കുന്ന സമയത്താണ് ഓവല്‍ ടെസ്റ്റിലെ ജയം. 
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-1 നു ഇന്ത്യ പിന്നിട്ടു നിന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഗംഭീറിനെതിരെ തിരിയാന്‍ തുടങ്ങിയതാണ്. ഗംഭീര്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം താഴേക്കാണെന്നതാണ് അതിനു കാരണം. ഓവലില്‍ തോറ്റ് പരമ്പര 3-1 നു അടിയറവ് പറഞ്ഞിരുന്നെങ്കില്‍ ബിസിസിഐയും ഗംഭീറിന്റെ പരിശീലകസ്ഥാനത്തില്‍ പുനര്‍വിചിന്തനം നടത്തുമായിരുന്നു. 
 
ഗംഭീര്‍ പരിശീലകനായ ശേഷം ആദ്യം നടന്ന ടെസ്റ്റ് പരമ്പര നാട്ടില്‍ ബംഗ്ലാദേശിനെതിരെയാണ്. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെ അന്ന് ഇന്ത്യ 2-0 ത്തിനു തോല്‍പ്പിച്ചു. എന്നാല്‍ അതിനുശേഷം ഒരു ടെസ്റ്റ് പരമ്പര പോലും ഗംഭീറിന്റെ പരിശീലന കാലയളവില്‍ ഇന്ത്യ ജയിച്ചിട്ടില്ല. 
 
കഴിഞ്ഞ വര്‍ഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഗംഭീറിനു ആദ്യ തിരിച്ചടി നേരിടേണ്ടി വന്നത്. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ മൂന്നിലും ജയം ന്യൂസിലന്‍ഡിന്. ബെംഗളൂരുവില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 46 നു ഓള്‍ഔട്ട് ആയത് നാണക്കേട് ഇരട്ടിയാക്കി. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. അന്ന് മുതലേ ഗംഭീറിന്റെ പരിശീലന തന്ത്രങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തുണ്ട്. 
 
ഇതിനുശേഷമാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 നു തോറ്റു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-2 സമനിലയും. സമീപകാലത്തെ ടെസ്റ്റ് പരമ്പര തോല്‍വികള്‍ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ 2-2 സമനില ഒരു പരമ്പര ജയത്തോളം ഗംഭീറിനു വിലപ്പെട്ടതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍