ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി, ചാമ്പ്യൻസ് ട്രോഫി ടീമിൽ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും, കുൽദീപോ സുന്ദറോ ടീമിന് പുറത്തായേക്കും

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2025 (13:43 IST)
ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 സീരിസില്‍ തന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇടം പിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരെയുള്ള സീരിസില്‍ 5 മത്സരങ്ങളില്‍ 14 വിക്കറ്റ് എടുത്ത് 'പ്ലെയര്‍ ഓഫ് ദി സീരിസ്' പുരസ്‌കാരം നേടിയ വരുണ്‍, ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇപ്പോഴും ടീമില്‍ ഇടംപിടിച്ചിട്ടില്ല. നിലവില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുണ്ട്. ഈ സാഹചര്യത്തില്‍ കുല്‍ദീപ് യാദവ്, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കി വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്താനാണ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്.
 
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ തിളങ്ങിയെങ്കിലും ഏകദിന പരമ്പരയില്‍ വരുണ്‍ ഇന്ത്യന്‍ ടീമില്‍ ഭാഗമല്ല. എന്നാല്‍ ഇന്ത്യന്‍ ഉപനായകനായ ശുഭ്മാന്‍ ഗില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വരുണ്‍ ചക്രവര്‍ത്തി ടീമിന്റെ ഭാഗമാണെന്നാണ് വ്യക്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 12 ആയതിനാല്‍ ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ട്. നിലവില്‍ മികച്ച ഫോമിലാണ് വരുണ്‍ ചക്രവര്‍ത്തി എന്ന കാര്യം ടീം മാനേജ്‌മെന്റ് കണക്കിലെടുക്കുമെന്നാണ് സൂചന. 2021ലെ ടി20 ലോകകപ്പില്‍ ദുബായില്‍ കളിച്ചപ്പോള്‍ തിളങ്ങാന്‍ വരുണിനായിരുന്നില്ല. എന്നാല്‍ നിലവിലെ മികച്ച ഫോമില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍