2018ൽ കാനഡയുടെ ക്യാപ്റ്റൻ, 2024ൽ കാനഡയെ തോൽപ്പിച്ച അമേരിക്കൻ ടീമിൽ, നിതീഷ് കുമാർ എന്ന പേര് ചുമ്മാ വന്നതല്ല

അഭിറാം മനോഹർ

വ്യാഴം, 13 ജൂണ്‍ 2024 (16:23 IST)
Nitish Kumar, Worldcup
ജൂൺ മാസത്തിൽ അവസാനിച്ച ലോകസഭാ തിരെഞ്ഞെടുപ്പിനൊടുവിൽ ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ മുൻനിരയിൽ കസേര വലിച്ചിട്ട നേതാവാണ് ജെഡിയു നേതാവ് നിതീഷ് കുമാർ. തിരെഞ്ഞെടുപ്പിൻ്റെ മുൻപ് വരെ പ്രതിപക്ഷകക്ഷിയുടെ മുൻനിരയിൽ നിന്നതിന് ശേഷം പെട്ടെന്നാണ് നിതീഷ്‌കുമാർ കൂറുമാറി ബിജെപിയ്ക്കൊപ്പം ചേർന്നത്. രാഷ്ട്രീയത്തിൽ സ്ഥിരമായി ഒരു പാളയമില്ലാതെ അവസരത്തിനൊത്ത് കൂറുമാറുന്ന നിതീഷ് സമൂഹമാധ്യമങ്ങളിലും ചർച്ചാവിഷയമാണ്.
 
 രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിലും അമേരിക്കൻ ക്രിക്കറ്റ് ടീമിലും നിതീഷ് കുമാർ എന്ന താരം കളിക്കുന്നുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിൽ 23 പന്തിൽ നിന്നും 27 റൺസുമായി നിതീഷ് കുമാർ തിളങ്ങിയിരുന്നു. യുഎസ് ക്രിക്കറ്റ് താരമാകുന്നതിന് മുൻപ് കാനഡയുടെ നായകൻ കൂടിയായിരുന്നു നിതീഷ് കുമാർ. 2010 മുതൽ 2019 വരെ കനേഡിയൻ ടീമിനായി കളിച്ച ശേഷമാണ് 2024ൽ താരം യുഎസ് ദേശീയ ടീമിലെത്തിയത്.
 
1994ൽ കാനഡയിലെ ഓണ്ടേറിയയിലാണ് നിതീഷ് കുമാറിൻ്റെ ജനനം. 2010ൽ അണ്ടർ 19 ലോകകപ്പിൽ കാനഡ ടീമിൻ്റെ ഭാഗമായിരുന്നു നിതീഷ് കുമാർ. 2011ൽ ഇന്ത്യ കിരീടം നേടിയ ലോകകപ്പിലെ കാനഡയുടെ 15 അംഗ ടീമിൽ 16 വയസുകാരനായ നിതീഷ് കുമാറും ഭാഗമായിരുന്നു. 2018ൽ കാനഡയുടെ ദേശീയ ടീമിൻ്റെ നായകസ്ഥാനത്തെത്താനും നിതീഷ് കുമാറിന് സാധിച്ചു. കാനഡ ടീമിൽ 2019 വരെ കളിച്ച നിതീഷ് പിന്നീട് ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്തിയിരുന്നു. 2024ൽ കാനഡയ്ക്കെതിരെ യുഎസ് ടീമിനായി കളിക്കുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റിൽ നിതീഷ് കുമാറിനെ വീണ്ടും കാണുന്നത്. ഇന്ത്യക്കെതിരെ 27 റൺസുമായി തിളങ്ങിയതോടെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് നിതീഷ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍