ചെപ്പോക്കില്‍ ഒരു ‘ഈച്ച പോലും പറക്കില്ല, പറന്നാല്‍ ക്യാമറകളില്‍ കുടുങ്ങും’; ബിസിസിഐയെ പോലും ഞെട്ടിപ്പിക്കുന്ന സുരക്ഷയൊരുക്കി ചെന്നൈ പൊലീസ്

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (14:42 IST)
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരവെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആദ്യ ഹോം മൽസരത്തിനു ചെപ്പോക്ക് സ്റ്റേഡിയം ഇന്ന് വേദിയാകും. മത്സരത്തിനെതിരെ തമിഴ്‌ തീവ്രസംഘടനകള്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ചെന്നൈ നഗരത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയ പൊലീസ് സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി 4,000ലേറെ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഐപിഎൽ സംഘാടകർ ഏർപ്പെടുത്തിയ സ്വകാര്യ സുരക്ഷാഭടന്മാര്‍ താരങ്ങള്‍ക്കും സ്‌റ്റേഡിയത്തിനും ശക്തമായ കാ‍വലൊരുക്കും.

സ്റ്റേഡിയത്തിലും താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും കനത്ത കാവലാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. താരങ്ങളോടു ഹോട്ടൽ മുറിയിൽത്തന്നെ തങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്‌ക്കായി മറ്റ് ഉദ്യോഗസ്ഥരും, പ്രത്യേക സ്വകാര്യ സുരക്ഷാ ഉദ്യോഗസഥരും രംഗത്തുണ്ടാകും. നഗരത്തിലെ സ്കൂളിൽ സുരേഷ് റെയ്ന പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടി അവസാന നിമിഷം റദ്ദാക്കിയത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു.

സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകളും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. സ്റ്റേഡിയത്തിന്‍റെ വിവിധ ഭാഗങ്ങളിലും പുറത്തുമായി നിരവധി സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കറുത്ത വസ്ത്രം ധരിച്ചവരെ സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കില്ല. മൊബൈൽ ഫോണുകൾ, ബാനറുകൾ, പതാകകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അകത്തേക്ക് അനുവദിക്കില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ചെന്നൈയുടെ എതിരാളി. രാത്രി എട്ടിനാണു മൽസരം.

കാവേരി വിഷയത്തില്‍ സംസ്ഥാനത്തെ യുവാക്കൾ ക്ഷുഭിതരാണെന്ന് തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് വേൽമരുകുൻ വ്യക്തമാക്കിയിരുന്നു. മത്സരം നടന്നാല്‍ വൻ പ്രതിഷേധമുണ്ടാകും. താരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ ഉത്തരവാദിയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നേരത്തെ കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഞായറാഴ്‌ച വള്ളുവര്‍ക്കോട്ടത്ത് സിനിമാ താരങ്ങള്‍ പ്രതിഷേധ കൂട്ടയ്‌മ സംഘടിപ്പിച്ചിരുന്നു. ഡിഎംകെ വർക്കിംഗ്  പ്രസിഡന്റ് എംകെ സ്റ്റാലിൻ, തമിഴ്നാട്ടിലെ സ്വതന്ത്ര എംഎൽഎ ടിടിവി ദിനകരൻ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article