രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ ശ്രീലങ്കൻ പേസ് ബോളര്‍ ലസിത് മലിംഗ ട്വന്‍റി-20 പരമ്പരയ്‌ക്കായി ഇന്ത്യയിലേക്കില്ല. വ്യക്തിപരമായ തിരക്കുകള്‍ ഉള്ളതിനാല്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുകയായിരുന്നു.
പരിചയ സന്പന്നരായ ഉപുൽ തരംഗ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ ടീമില്‍ ഉണ്ടെങ്കിലും ട്വന്‍റി-20 മത്സരങ്ങളില്‍ ബാറ്റ്‌സ്‌മാന്മാരെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റുകള്‍ നേടാന്‍ പ്രാപ്തനായ മലിംഗയുടെ അഭാവം ലങ്കയെ ബാധിക്കും. അതേസമയം, അദ്ദേഹം വിശ്രമം ചോദിച്ചു വാങ്ങാനുള്ള കാരണം വ്യക്തമല്ല.
കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും മലിംഗ പിന്മാറിയിരുന്നു. ഒക്ടോബറിൽ പാകിസ്ഥാനെതിരെ ട്വന്‍റി-20 കളിച്ച ആറ് പേർ മാത്രമാണ് ഇന്ത്യക്കെതിരായ ട്വന്‍റി-20യിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 20-നാണ് ട്വന്‍റി-20 പരമ്പര ആരംഭിക്കുന്നത്. കട്ടക്ക്, ഇൻഡോർ, മുംബൈ എന്നിവടങ്ങളിലാണ് മത്സരം.