ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും നിലയുറപ്പിക്കാന്‍ സാധിച്ചില്ല. ലങ്കന്‍ ബൗളര്‍മാരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നാല് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് മടങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ആ മത്സരത്തില്‍ നാണക്കേടിന്റെ ലോകറെക്കോര്‍ഡ് പട്ടംചൂടാനും ടീം ഇന്ത്യക്ക് കഴിഞ്ഞു.
ആദ്യ പത്ത് ഓവറില്‍ ലോകത്തെ ഒരു ടീമും നേടിയിട്ടില്ലാത്ത സ്‌കോര്‍ നേടിയാണ് ഇന്ത്യ നാണക്കേടിന്റെ പടുകുഴിയില്‍ വീണത്. പത്ത് ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ സിംബാവേയുടെ പേരിലാണ്. 2004ല്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിന് അവര്‍ ഓള്‍ഔട്ടായത്.
ഈ റെക്കോര്‍ഡ് ഇന്ത്യ ഭേദിച്ചേക്കുമോ എന്നുപോലും ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് വലിയൊരു നാണക്കേടില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ഇതോടെ, സ്വന്തം നാട്ടില്‍ ഇന്ത്യയോട് 5-0 എന്ന സ്‌കോറിന് അടിയറവ് പറഞ്ഞ ശ്രീലങ്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരം ഒരു പകരംവീട്ടല്‍ കൂടിയായി.