ഓഖി ചുഴലിക്കാറ്റ്: കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍; കോസ്റ്റ് ഗാര്‍ഡിനും സേനാവിഭാഗങ്ങള്‍ക്കും അടിയന്തിരസന്ദേശമയച്ചു

ശനി, 9 ഡിസം‌ബര്‍ 2017 (14:27 IST)
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍. കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് കോസ്റ്റ് ഗാര്‍ഡ്,  നാവികസേന, വ്യോമസേന എന്നീ വിഭാഗങ്ങളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
 
ഇക്കാര്യവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നേവിക്കും കോസ്റ്റ്ഗാര്‍ഡിനും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ സേനയും നാവിക സേനയും ആവശ്യമായ കപ്പലുകള്‍ ഉപയോഗിച്ച്‌ ആഴക്കടലില്‍ തിരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിച്ച ശേഷം തെരച്ചില്‍ നടത്തുന്നതിനായി മത്സ്യത്തൊഴിലാളികളെ കൂടെ ഒപ്പം കൂട്ടണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
തെരച്ചിലിന് പോകാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളെയും തിരുവനന്തപുരം കലക്ടറുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് എത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കപ്പലിന് പുറമെ തെരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകളിലും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണെമെന്നും ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍