ഓഖി നാശം വിതച്ചപ്പോൾ കേരളത്തെ മോദി അവഗണിച്ചു, അദ്ദേഹം ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രി തന്നെ; യെച്ചൂരി
വെള്ളി, 8 ഡിസംബര്‍ 2017 (16:39 IST)
ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ദുരിതമനുഭവിച്ച കേരളത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിക്കുകയായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നിന്ന് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലേക്ക് ഉയർന്നിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
ഓഖി ദുരന്തം വന്നപ്പോൾ മോദി തമിഴ്നാടിനെ മാത്രമാണ് ചര്‍ച്ചക്ക് വിളിച്ചത്. കേരളത്തെ ചർച്ചയ്ക്കായി ക്ഷണിച്ചില്ല. ഓഖി ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ സാമ്പ്ത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
നേരത്തെ ഓഖി ആഞ്ഞടിച്ചതിന് തൊട്ടടുത്ത ദിവസം തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മോദി വിവരങ്ങള്‍ തേടിയിരുന്നു. ആവശ്യമായ സഹായങ്ങൾ എല്ലാം ഉണ്ടാകുമെന്നും മോദി തമിഴ്നാട് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, അന്നും കേരളത്തെ ഒഴിവാക്കി.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നതിനാലാണ് മോദി കേരളത്തെ അവഗണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് യെച്ചുരിയും കടുത്ത വിമര്‍ശനവുമായി വരുന്നത്.