ലങ്ക സമനില പിടിച്ചുവെങ്കിലും ഇന്ത്യ ചരിത്രനേട്ടത്തില്‍; കോഹ്‌ലിക്ക് മറ്റൊരു നേട്ടം
ബുധന്‍, 6 ഡിസംബര്‍ 2017 (17:12 IST)
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെ തുടർച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. തുടർച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര നേടുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2005-08ൽ ഓസ്ട്രേലിയ ഈ റെക്കാഡ് സ്വന്തമാക്കിയിരുന്നു.
മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്കയെ 1–0ത്തിനാണ് ഇന്ത്യാ പരാജയപ്പെടുത്തിയത്. ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. ഇന്ത്യ ഉയർത്തിയ 410 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക അഞ്ച് വിക്കറ്റിന് 299 റൺസെടുത്ത് നിൽക്കെ വെളിച്ചക്കുറവിനെ തുടർന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു.
ധനഞ്ജയ ഡി സിൽവയുടെ (219 പന്തില്‍ 119) സെഞ്ചുറി മികവിലാണ് മൂന്നാം ടെസ്റ്റിൽ ലങ്ക, ഇന്ത്യയെ സമനിലയിൽ തളച്ചത്. 154 പന്തിൽ 74 റൺസ് നേടി റോഷൻ പുറത്താകാതെ നിന്നു. ശ്രീലങ്കൻ നിരയിൽ രണ്ടു വിക്കറ്റുകൾ മാത്രമാണ് അവസാനദിനം ഇന്ത്യൻ ബോളർമാർക്ക് വീഴ്ത്താൻ സാധിച്ചത്. എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലുമാണ് പുറത്തായ ശ്രീലങ്കൻ താരങ്ങൾ.
ഈ പരമ്പരയിലാകെ 610 റൺസ് നേടിയ കോഹ്‍ലി, മൂന്നു മൽസരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന നാലാമത്തെ താരമായി മാറി.