കോഹ്‌ലിയല്ല, ധോണിയാണ് നമ്മുടെ ‘മാസ്സീവ് പ്ലെയര്‍’; ലോകകപ്പ് രഹസ്യം തുറന്നു പറഞ്ഞ് ഗവാസ്‌കര്‍

Webdunia
വെള്ളി, 3 മെയ് 2019 (17:18 IST)
പതിവ് ആവര്‍ത്തിച്ച് ഈ ഐപിഎല്‍ സീസണിലും മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. കൂറ്റനടിക്കാരും വമ്പന്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും സി എസ് കെയുടെ വിജയങ്ങള്‍ തുടരുകയാണ്. ഈ വിജയഗാഥയ്‌ക്ക് പിന്നില്‍ ധോണിയെന്ന ആതികായന്റെ തന്ത്രങ്ങള്‍ ആണെന്നതില്‍ ആര്‍ക്കും സംശയമില്ല.

ഏകദിന ലോകകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മികച്ച ഫോമില്‍ തുടരുന്ന ധോണിയിലേക്ക് ആരാധകരുടെ ശ്രദ്ധ മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ധോണിയാകും ടീം ഇന്ത്യയുടെ ‘മാസീവ് പ്ലെയര്‍’ എന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ തുറന്നു പറഞ്ഞു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍‌ഡിംഗ് എന്നീ മൂന്ന് മേഖലകളിലും ധോണിയുടെ ഇടപെടല്‍ ഉണ്ടാകുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തി ടോപ് ത്രീ ആണ്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നീ താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് പിഴച്ചാല്‍ ബാറ്റിംഗ് നിരയെ താങ്ങി നിര്‍ത്തേണ്ട ചുമതല ധോണിയിലെത്തും. നാലാമതോ, അഞ്ചാമതോ ആയി  ധോണി ക്രീസില്‍ എത്തുന്നത് നേട്ടമാകും. പ്രതിരോധിക്കാനാകുന്ന സ്‌കോര്‍ ഇതോടെ സാധ്യമാകും.

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം ധോണി ഏറ്റെടുക്കുന്നുണ്ട്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഡീപ് മിഡ്‌വിക്കറ്റിലോ, ലോങ് ഓണിലോ ആകും ഫീല്‍‌ഡ് ചെയ്യുക. ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനോ ഫീല്‍‌ഡിംഗ് വിന്യാസം ക്രമീകരിക്കാനോ ഇതോടെ ക്യാപ്‌റ്റന് കഴിയാറില്ല. എന്നാല്‍, ഈ ജോലികള്‍  മനോഹരമായിട്ടാണ് ധോണി നിര്‍വഹിക്കുന്നത്.

ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും സര്‍ക്കിളില്‍ ഫീല്‍‌ഡിംഗ് ഒരുക്കാനും ധോണിക്കുള്ള മിടുക്ക് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായകമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article