സിഎസ്‌കെ സത്യം പറയുമോ ?; ബിസിസിഐയുടെ നിര്‍ദേശം എന്താണ് ? - ധോണിയില്ലാത്ത ലോകകപ്പോ ?
തിങ്കള്‍, 29 ഏപ്രില്‍ 2019 (15:45 IST)
ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡ്രസിംഗ് റൂമിനെ ചുറ്റിപ്പറ്റിയാണ്. സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിക്ക് എന്ത് സംഭവിച്ചുവെന്ന ആശങ്കയാണ് ആരാധകരെ അലട്ടുന്നത്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോഹ്‌ലിപ്പടയുടെ വല്ല്യേട്ടന്‍ ക്രിക്കറ്റ് ലോകത്തുണ്ടാക്കുന്ന ടെന്‍ഷന്‍ ചെറുതല്ല.
ഐപിഎല്ലില്‍ ധോണിയില്ലാതെ ഇറങ്ങിയ രണ്ടു കളികളിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെയും താരം കളിക്കാതിരുന്നതോടെയാണ് ആശങ്കകള്‍ ശക്തമായത്. ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും ധോണി പരുക്കിന്റെ പിടിയിലാണെന്ന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കിയിരുന്നു.
നടുവേദനയാണ് ധോണിയെ അലട്ടുന്നതെന്നാണ് വിവരം. ലോകകപ്പില്‍ ടീം ഇന്ത്യയെ നിയന്ത്രിക്കേണ്ട താരത്തിന്റെ പരുക്ക് ബിസിസിഐയ്‌ക്കും തലവേദന ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കി സെമി ഫൈനലിലും, ഫൈനലിലും മാത്രമേ ധോണിയെ കളിപ്പിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ ചെന്നൈ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
അതേസമയം, ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ശാരീരിക്ഷമത നിലനിര്‍ത്താന്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും ധോണി വിട്ടു നില്‍ക്കുന്നതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഗ്രൌണ്ടിലിറങ്ങുന്ന ധോണി ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ലോകകപ്പ് ലക്ഷ്യം വെച്ചാണെന്നാണ് ഒരു വിഭാഗം ആരാധകരും വാദിക്കുന്നത്.
ധോണിയുടെ ഫിറ്റ്‌നസ് ഇന്ത്യന്‍ മാനേജ്‌മെന്റിന് അതീവ പ്രാധാന്യമുള്ളതാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ടീമിന് തന്ത്രങ്ങളൊരുക്കേണ്ട ചുമതല ധോണിക്കാണ്. ഐപിഎല്ലില്‍ ഈ സീസണില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തത് ആറാമനായി ക്രീസിലെത്തുന്ന ധോണിയാണ് (314) എന്ന പ്രത്യേകതയുമുണ്ട്.