ധോണിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിത് ശര്‍മയ്ക്കും പിഴ വിധിച്ചിരിക്കുകയാണ്. അച്ചടക്കലംഘനത്തെ തുടർന്നാണ് ഹിറ്റ്മാന് പിഴ വിധിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ ഞായറാഴ്ച രാത്രി നടന്ന കളിക്കിടെയുണ്ടായ മോശം പെരുമാറ്റമാണ് ഹിറ്റ്മാന് വിനയായത്.
അംപയറുടെ തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് ക്രീസ് വിടുന്നതിനിടെ രോഹിത് മനപ്പൂര്‍വ്വം ബാറ്റ് കൊണ്ട് സ്റ്റംപില്‍ ഇടിക്കുകയായിരുന്നു. ഇതാണ് റഫറിയെ ചൊടിപ്പിച്ചത്. മാച്ച് ഫീയുടെ 15 ശതമാനം അദ്ദേഹം പിഴയായി അടയ്ക്കണം. 12 റണ്‍സെടുത്തു നില്‍ക്കെ ഹാരി ഗര്‍നെയുടെ ബൗളിങില്‍ രോഹിത്തിനെതിരേ അംപയര്‍ എല്‍ബിഡബ്ല്യു വിധിച്ചത്. കളിയുടെ നാലാം ഓവറിലായിരുന്നു ഇത്.
അംപയറുടെ തീരുമാനത്തിനെതിരേ അദ്ദേഹം റിവ്യു പോവുകയായിരുന്നു. എന്നാല്‍ മൂന്നാം അംപയറും അത് ഔട്ട് തന്നെയാണെന്ന് വിധിച്ചു. ഇതോടെ അസംതൃപ്തനായ അദ്ദേഗം അംപയറുമായി ക്രീസിൽ തർക്കിച്ചു. ശേഷ, ക്യാമ്പിലേക്ക് മടങ്ങവേ സ്റ്റംപില്‍ ബാറ്റ് കൊണ്ട് കുത്തുകയായിരുന്നു. റണ്‍മഴ കണ്ട മല്‍സരത്തില്‍ കൊല്‍ക്കത്ത 34 റണ്‍സിനു മുംബൈയെ പരാജയപ്പെടുത്തിയിരുന്നു.