Sunil Gavaskar against Rishabh Pant: മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലെ റിഷഭ് പന്തിന്റെ ബാറ്റിങ്ങിനെ ചോദ്യം ചെയ്ത് സുനില്‍ ഗാവസ്‌കര്‍. നിര്‍ണായക സമയത്ത് വിക്കറ്റ് വലിച്ചെറിയുകയാണ് പന്ത് ചെയ്തതെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു. സ്വതസിദ്ധമായ ശൈലിയാണെന്നു പറഞ്ഞ് പന്തിനു രക്ഷപ്പെടാനാവില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.
' അവിടെ രണ്ട് ഫീല്‍ഡര്‍മാര്‍ ഉണ്ട്. എന്നിട്ടും അങ്ങോട്ട് തന്നെ കളിക്കാന്‍ ശ്രമിച്ചു. മുന്‍പത്തെ ഷോട്ട് മിസ് ആയതാണ്. വീണ്ടും അത് ആവര്‍ത്തിച്ച് അവിടെ തന്നെ ഔട്ട് ആയി. വിക്കറ്റ് വലിച്ചെറിയുന്നതിനു തുല്യമാണ് ഇത്. ഇതിനെ സ്വതസിദ്ധമായ കളിയെന്നു പറയാന്‍ പറ്റില്ല, അതൊരു മണ്ടന്‍ ഷോട്ട് തന്നെയാണ്...വിവരദോഷി..! സാഹചര്യം മനസിലാക്കി കളിക്കാന്‍ സാധിക്കണം. ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്കല്ല പന്ത് പോകേണ്ടത്, ഓസ്‌ട്രേലിയന്‍ ഡ്രസിങ് റൂമിലേക്കാണ്,' ഗാവസ്‌കര്‍ പറഞ്ഞു.
ഈ രീതിയില്‍ ആണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അഞ്ചാമനായി പന്തിനു ഇറങ്ങാന്‍ യോഗ്യതയില്ല. ഇങ്ങനെയൊരു ശൈലിയില്‍ ബാറ്റിങ് തുടരാനാണെങ്കില്‍ അവനു ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങാം. കാരണം അഞ്ചാമത് ഇറങ്ങിയാലും അതിനു താഴെ ഇറങ്ങിയാലും ഇതുപോലെ കുറച്ച് റണ്‍സെടുത്ത് പോകും - ഗാവസ്‌കര്‍ വിമര്‍ശിച്ചു.
37 പന്തില്‍ 28 റണ്‍സെടുത്താണ് പന്ത് പുറത്തായത്. മോശം ഷോട്ടിനായി ശ്രമിച്ച് സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ നഥാന്‍ ലിന്നിനു ക്യാച്ച് നല്‍കുകയായിരുന്നു.