ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിനു പുറത്തായ വിരാട് കോലിക്ക് ഉപദേശവുമായി സുനില്‍ ഗാവസ്‌കര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ കോലി അല്‍പ്പം ക്ഷമ കാണിക്കണമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഗാബ ടെസ്റ്റില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ചാണ് കോലി പുറത്തായതെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ഓഫ് സ്റ്റംപിനു പുറത്തുള്ള പന്ത് കളിക്കാന്‍ ശ്രമിച്ചാണ് കോലി പുറത്തായത്. ആ ഷോട്ട് അനാവശ്യമായിരുന്നു - ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
' തന്റെ റോള്‍ മോഡലായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ വിരാട് കോലി ക്ഷമയോടെ കളിക്കണം. സിഡ്‌നിയില്‍ സച്ചിന്‍ 241 റണ്‍സെടുത്തത് ഓര്‍മയില്ലേ? ഓഫ് സൈഡില്‍ ഒരു ഷോട്ട് പോലും അന്ന് സച്ചിന്‍ കളിച്ചിട്ടില്ല, ഏറ്റവും പ്രിയപ്പെട്ട കവര്‍ ഡ്രൈവ് പോലും അദ്ദേഹം ഒഴിവാക്കി. സച്ചിനെ പോലെ ഓഫ് സ്റ്റംപിനു പുറത്ത് ഷോട്ടുകള്‍ കളിക്കുന്നത് കോലി ഒഴിവാക്കണം,' ഗാവസ്‌കര്‍ പറഞ്ഞു.
ഔട്ട് സൈഡ് ഓഫിലെ ലെങ്ത്തി ഡെലിവറി കളിക്കാന്‍ ശ്രമിച്ച കോലിക്ക് ഇത്തവണയും പിഴയ്ക്കുകയായിരുന്നു. ലീവ് ചെയ്യേണ്ടിയിരുന്ന പന്തായിരുന്നു അതെന്ന് വീഡിയോയില്‍ വ്യക്തമാണ്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയത് ഒഴിച്ചാല്‍ 5, 7, 11, 3 എന്നിങ്ങനെയാണ് ഓസ്ട്രേലിയന്‍ പര്യടനത്തിലെ കോലിയുടെ മറ്റു സ്‌കോറുകള്‍.