ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ ചുമതല മൊത്തത്തില്‍ ബുമ്രയുടെ ചുമലുകളില്‍.സീരീസിലെ മൂന്നാം മത്സരം പുരോഗമിക്കുമ്പോള്‍ പേസര്‍മാരില്‍ ബുമ്രയ്ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ഓസ്‌ട്രേലിയവില്‍ മികവ് കാണിക്കാനായിട്ടില്ല. ഒരറ്റത്ത് ബുമ്ര ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ അത് മുതലെടുക്കാനോ ബുമ്രയ്ക്ക് പിന്തുണ നല്‍കി ബാറ്റര്‍മാരെ പ്രതിസന്ധിയിലാക്കാനോ മറ്റാര്‍ക്കും തന്നെ സാധിക്കുന്നില്ല. ഇതോടെ ബുമ്ര എറിയുന്ന പന്തുകള്‍ ശ്രദ്ധിച്ചുകളിക്കുകയും മറ്റ് ബൗളർമാരെ മുതലെടുക്കുകയുമാണ് ഓസീസ് ബാറ്റര്‍മാര്‍.
ബൗളിംഗിലെ ഈ പരാധീനതകള്‍ക്കൊപ്പം ഫീല്‍ഡിങ്ങില്‍ നായകന്‍ രോഹിത് വരുത്തുന്ന അബദ്ധങ്ങളും ബൗളിംഗ് ചെയ്ഞ്ചുകളും ഒന്നും തന്നെ ടീമിന് ഗുണകരമാകുന്നില്ല. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലെ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ബുമ്ര മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ മറ്റൊരു ബൗളര്‍ക്കും സാധിച്ചില്ല. സ്മിത്- ഹെഡ് കോമ്പോ റണ്‍സുകള്‍ വാരികൂട്ടുമ്പോള്‍ ഒരു ബ്രേക്ക് ത്രൂ നല്‍കാന്‍ പോലും ബുമ്ര തിരിച്ചെത്തേണ്ട സ്ഥിതിയാണ്. ഇതോടെ ഫലത്തില്‍ ഒരു പേസറുമായാണ് ഇന്ത്യ ഓസീസുമായി പോരാടുന്നതെന്ന് ആരാധകര്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ടീമിന് മുതല്‍ക്കൂട്ടാകുമായിരുന്ന അര്‍ഷദീപ് സിംഗിനെ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്. ഹര്‍ഷിത് റാണയ്ക്ക് പകരമായി ടീമിലെത്തേണ്ടിയിരുന്നത് അര്‍ഷദീപ് ആയിരുന്നുവെന്നും സിറാജ് മൂര്‍ച്ച നഷ്ടപ്പെട്ട ആയുധമായി മാറിയെന്നും ആരാധകര്‍ പറയുന്നു. അതേസമയം ടീം അമിതമായി ബുമ്രയെ ആശ്രയിക്കുന്നത് താരത്തിന് സമ്മര്‍ദ്ദവും ജോലിഭാരവും കൂട്ടാന്‍ കാരണമാകുമെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു.