നാട്ടില്‍ കളിക്കുന്ന ടീമുമായി ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ മുന്‍ നായകന്‍

Webdunia
ബുധന്‍, 10 ജനുവരി 2018 (11:20 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അജിങ്ക്യാ രഹാനയെ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. നാട്ടില്‍ കളിക്കുന്ന രീതിയില്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഗാംഗുലി പറഞ്ഞു. ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച നിമിഷം മുതല്‍ക്ക് ഉയര്‍ന്നുവന്ന വിവാദമാണ് മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതോടെ രൂക്ഷമായത്. 
 
ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെയെ ഒഴിവാക്കിയ നടപടിയായെയാണ് ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും വിമര്‍ശിക്കുന്നത്. രഹാനെയ്ക്ക് പകരം രോഹിത് ശര്‍മ്മയായിരുന്നു ആദ്യ ഇലവനില്‍ ഇടം‌പിടിച്ചത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സംഘം 72 റണ്‍സിന്റെ തോല്‍‌വിയാണ് ഏറ്റുവാങ്ങിയത്. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ബാറ്റിങ് നിര പൂര്‍ണമായി പരാജയപ്പെട്ടതായിരുന്നു കോഹ്‌ലി പടയ്ക്ക് തിരിച്ചടിയായത്. 
 
ടീം സെലക്ഷനു മുമ്പ് തന്നെ രഹാനെ നടത്തിയ കഴിഞ്ഞ പ്രകടനങ്ങളെല്ലാം ടീം മാനേജ്‌മെന്റ് പരിഗണിക്കേണ്ടതായിരുന്നു എന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ‘ഭൂഖണ്ഡത്തിനു പുറത്ത് രോഹിത് ശര്‍മ്മയുടെയും ശിഖര്‍ ധവാന്റെയും ചരിത്രം അത്ര മികച്ചതല്ല. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനെ സെലക്ട് ചെയ്യുന്നത് നല്ലതുതന്നെയാണ്. എങ്കിലും രഹാനെയുടെയും കെ.എല്‍ രാഹുലിന്റെയും വിദേശത്തെ കഴിഞ്ഞ കുറച്ച വര്‍ഷത്തെ പ്രകടനം കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.
 
മത്സരത്തിലെ പരാജയത്തിനു പിന്നാലെ രഹാനയെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗാംഗുലി വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഇലവനെ തെരഞ്ഞെടുത്തതെന്നായിരുന്നു കോഹ്‌ലിയുടെ വിശദീകരണം. ഫോമിന്റെ അടിസ്ഥാനത്തില്‍ ടീമിനെ തെരഞ്ഞെടുക്കുന്ന രീതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞിരുന്നു.
 
രഹാനെയ്ക്ക് പകരം ആദ്യ ഇലവനില്‍ ഇറങ്ങിയ രോഹിത് ശര്‍മ്മ രണ്ടിന്നിംഗ്സിലും 11 ഉം, 10 ഉം റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ രോഹിതിന്റെ ബാറ്റിംഗ് ആവറേജ് 25.11 ആണ്. രഹാനെയുടേത് 53.44 ഉം. വിദേശപിച്ചുകളില്‍ രോഹിത് ഇതുവരെ ഒരു സെഞ്ച്വറിയും ടെസ്റ്റില്‍ നേടിയിട്ടില്ല. അതേസമയം രഹാനെ, വെല്ലിംഗ്ടണ്‍, ലോര്‍ഡ്സ്, മെല്‍ബണ്‍, കൊളംബോ, കിംഗ്സ്റ്റണ്‍ എന്നിവിടങ്ങളില്‍ സെഞ്ച്വറി നേടിയിരുന്നു.
 
രണ്ടാം ടെസ്റ്റില്‍ രഹാനയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ഗാംഗുലി, ധവാനെയും രോഹിത്തിനെയും പുറത്തിരുത്തുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പറഞ്ഞു. ധവാനിലും രോഹിതിലും വളരെയധികം വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് കോഹ്‌ലി. പക്ഷേ ബാറ്റിങ്ങില്‍ ടോപ്പ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും പരാജയപ്പെടുന്ന സാഹചര്യത്തില്‍ രഹാനെയുടെ സാന്നിധ്യം വളരെയേറെ വിലപ്പെട്ടതായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article