ഉത്തേജകമരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. അഞ്ചുമാസത്തേക്കാണ് താരത്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ചുമയ്ക്ക് കഴിച്ച മരുന്നിലെ ഘടകമാണു പഠാനു വില്ലനായതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പഠാന്‍ നല്‍കിയ വിശദീകരണം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ ബറോഡയ്ക്കു വേണ്ടി ഒരു രഞ്ജി മത്സരം മാത്രമാണ് യൂസഫ് പഠാന്‍ കളിച്ചത്. ബ്രോസീറ്റ് എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് പഠാന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് പ്രവേശിച്ചതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥം ബ്രോസീറ്റില്‍ അടങ്ങിയിട്ടുള്ളതാണ് താരത്തിന് വിനയായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മുന്‍കൂട്ടി സമ്മതം വാങ്ങിയ ശേഷം ഈ മരുന്ന് കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കില്ല. എന്നാല്‍ പഠാനോ പരിശീലകനോ അധികൃതരില്‍ നിന്നും ഈ മരുന്ന് കഴിക്കുന്നതിന് സമ്മതം വാങ്ങാതിരുന്നതാണ് തിരിച്ചടിയായത്. പനി ബാധിച്ച സമയത്ത് കഴിച്ച മരുന്നില്‍ നിന്നായിരിക്കാം നിരോധിച്ച പദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്.