ഇന്ത്യൻ ക്രിക്കറ്റിൽ വൈകി ഉദിച്ച സൂര്യൻ, ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് ചിറക് നൽകുന്ന മാലാഖ: സൂര്യകുമാർ യാദവ്

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (11:26 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് ചിറക് നൽകുക താനായിരിക്കുമെന്ന് പ്രഖ്യാപിച്ച് സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ ഏറെകാലമായി മികച്ച പ്രകടനങ്ങൾ നടത്തുന്നുവെങ്കിലും തൻ്റെ മുപ്പതാമത് വയസിൽ മാത്രമാണ് സൂര്യകുമാറിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ ഇന്ത്യയിൽ ഇന്ന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും മികച്ച താരമെന്ന ഉയരത്തിലേക്കാണ് സൂര്യകുമാർ വളരുന്നത്.
 
ടി20 ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ഈ മുപ്പത്തിയൊന്നുകാരൻ നിർണായകസാന്നിധ്യമാകുമെന്ന് ഉറപ്പ്. 2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റിൽ അരങ്ങേറിയ താരം ഇന്ത്യയ്ക്ക് വേണ്ടി 19 ടി20 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 17 ഇന്നിങ്ങ്സുകളിൽ നിന്നും 38.36 ശരാശരിയിൽ 537 റൺസ് താരം അടിച്ചെടുത്തത് 177 എന്ന മികച്ച സ്ട്രൈക്ക്റേറ്റോട് കൂടിയാണ്.
 
കുട്ടിക്രിക്കറ്റിൽ 10 ഇന്നിങ്ങ്സിന് മുകളിൽ കളിച്ച ഒരു താരത്തിനും ഇതിന് മുകളിൽ പ്രഹരശേഷിയില്ല എന്നത് സൂര്യയുടെ കഴിവിനെ വരച്ച് കാണിക്കുന്ന. ക്രീസിലെത്തുന്ന ആദ്യ പന്ത് മുതൽ തന്നെ റൺസ് കണ്ടെത്താൻ കഴിവുള്ള സൂര്യകുമാറാണ് ടി20 ക്രിക്കറ്റിനെ കൃത്യമായി സമീപിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന് ഇന്ത്യൻ ജേഴ്സിയിലെ പ്രകടനം സാക്ഷ്യം വഹിക്കുന്നു. 19 കളികളിൽ 4 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയുമാണ് താരത്തിനുള്ളത്.
 
2018 ഐപിഎൽ മുതൽ കരിയറിലെ മികച്ച ഫോമിലാണ് സൂര്യ. 2018ലെ ഐപിഎല്ലിൽ 512 റൺസുമായി മികച്ച പ്രകടനം നടത്തിയെങ്കിലും ഏറെ അവഗണനകൾക്കൊടുവിൽ 2021ൽ മാത്രമാണ് സൂര്യകുമാർ ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുന്നത്.  2018ലേറ്റ അവഗണനയ്ക്ക് ശേഷം 2019ലെ ഐപിഎല്ലിൽ 424, 2020ലെ ഐപിഎല്ലിൽ 480 എന്നിങ്ങനെ തുടർച്ചയായി 3 വർഷം മികച്ച പ്രകടനം നടത്തി ഏറെ വൈകി കിട്ടിയ ഇന്ത്യൻ ജേഴ്സീയിലെ അവസരം ഒരു തവണ പോലും സൂര്യ മുതലാക്കാതിരുന്നിട്ടില്ല. ഇന്ന് ലോകകപ്പ് സ്വപ്നങ്ങൾ കണ്ട് ഇന്ത്യൻ ടീം ഓസീസിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ ടീമിൻ്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിയിക്കുന്ന നിർണായക താരമാണ് അയാൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article