Ind vs Eng 2nd T 20 Live Updates: എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ വായടപ്പിച്ച് നീലപ്പട; ട്വന്റി 20 പരമ്പര ഇന്ത്യക്ക്

ശനി, 9 ജൂലൈ 2022 (20:48 IST)
India vs England 2nd T20 Live Updates: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. തിങ്കളാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. 
 
ഇന്ന് നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 49 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കം മുതല്‍ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 17 ഓവറില്‍ 121 റണ്‍സിന് അവസാനിച്ചു.
 
ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 21 പന്തില്‍ 35 റണ്‍സെടുത്ത മൊയീന്‍ അലിയും 22 പന്തില്‍ പുറത്താകാതെ 33 റണ്‍സ് നേടിയ ഡേവിഡ് വില്ലിയുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. 29 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 46 റണ്‍സ് നേടി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 
 
രോഹിത് ശര്‍മയ്‌ക്കൊപ്പം റിഷഭ് പന്താണ് ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. അഞ്ചാം ഓവറില്‍ ഇന്ത്യ 49 റണ്‍സ് നേടി. എന്നാല്‍ രോഹിത് ശര്‍മ പുറത്തായത് മുതല്‍ ഇന്ത്യയുടെ അവസ്ഥ പരുങ്ങലിലായി. 20 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെ 15 പന്തില്‍ 26 റണ്‍സുമായി റിഷഭ് പന്തും പുറത്തായി. 
 
വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ ഒരു റണ്‍ മാത്രമാണ് കോലി നേടിയത്. സൂര്യകുമാര്‍ യാദവ് (11 പന്തില്‍ 15), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 12), ദിനേശ് കാര്‍ത്തിക്ക് (17 പന്തില്‍ 12) എന്നിവരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഹര്‍ഷല്‍ പട്ടേല്‍ ആറ് പന്തില്‍ 13 റണ്‍സ് നേടി. 
 
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ് ഗ്ലീസന്‍ നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി മൂന്ന് പേരെ പുറത്താക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍