Shreyas Iyer: പൂർണ്ണമായി ഫിറ്റായിട്ടും ഇഷാനെ പോലെ രഞ്ജി കളിക്കാതെ ശ്രേയസും!,

അഭിറാം മനോഹർ
വ്യാഴം, 22 ഫെബ്രുവരി 2024 (17:45 IST)
ദേശീയ ക്രിക്കറ്റ് അക്കാദമി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും മുംബൈയ്ക്കായി രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാനെത്താതെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. നടുവേദന കാണിച്ച് മുംബൈയുടെ മത്സരത്തില്‍ നിന്നും ശ്രേയസ് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് താരം പൂര്‍ണ്ണമായും ഫിറ്റാണെന്ന എന്‍സിഎ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നത്. ദേശീയ ഡ്യൂട്ടിയോ പരിക്കോ ഇല്ലെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണമെന്ന നിര്‍ദേശമാണ് അടുത്തിടെ ബിസിസിഐ നല്‍കിയിരിക്കുന്നത്.
 
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ശ്രേയസ് കളിച്ചിരുന്നു. പരിക്ക് കാരണമാണ് ശ്രേയസ് ടീം വിട്ടതെന്നും അതല്ല മോശം ഫോമിനെ തുടര്‍ന്ന് താരത്തെ സെലക്ഷന്‍ കമ്മിറ്റി പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. നടുവേദന കാരണം രഞ്ജിയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നായിരുന്നു ശ്രേയസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ഇതിനിടെയാണ് താരം ഫിറ്റാണെന്ന എന്‍ഡിഎ മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article