Mohammad Shami: ഐപിഎല്ലിന് കനത്തനഷ്ടം, പരിക്ക് മൂലം ഷമി പുറത്ത്

അഭിറാം മനോഹർ

വ്യാഴം, 22 ഫെബ്രുവരി 2024 (16:20 IST)
അടുത്തമാസം തുടങ്ങുന്ന പതിനേഴാം സീസണില്‍ നിന്നും പുറത്തായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇടത് കണങ്കാലിനേറ്റ പരിക്ക് മൂലം 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കില്‍ നിന്നും മുക്തനാകാന്‍ ഷമി ഉടന്‍ തന്നെ യുകെയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
 
നവംബറില്‍ നടന്ന ഏകദിന ലോകകപ്പില്‍ കളിച്ചതിന് ശേഷം 33കാരനായ താരം ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ഒന്നും തന്നെ കളിച്ചിട്ടില്ല. ജനുവരി അവസാനവാരം ഷമി ലണ്ടനില്‍ കണങ്കാലിന് കുത്തിവെയ്പ്പിനായി എത്തിയിരുന്നെങ്കിലും ഇത് ഫലം ചെയ്തിരുന്നില്ല. തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയത്. ശസ്ത്രക്രിയയ്ക്കായി ഉടന്‍ തന്നെ താരം യുകെയിലേക്ക് പോകും.
 
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി കാഴ്ചവെച്ചത്. കണങ്കാലിലെ പരിക്ക് അവഗണിച്ചായിരുന്നു ഷമി ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിച്ചത്. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 229 വിക്കറ്റും ഏകദിനത്തില്‍ 195 വിക്കറ്റും ടി20യില്‍ 24 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍