ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ആത്മകഥയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധത്തെയും അവരുമായുണ്ടായ എതിര്‍പ്പുകളേയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷമാണ് ആത്മകഥ പുറത്തിറങ്ങുക.
ആത്മവിശ്വാസം, ഭയം, തിരിച്ചടികൾ, ലക്ഷ്യങ്ങൾ, പരാജയങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്നാണ് അഫ്രീദി വ്യക്തമാക്കിയത്. ആരോടും പറയാത്ത കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നിരവധി അഭിമുഖങ്ങള്‍ക്ക് നിന്നു കൊടുത്തിട്ടുണ്ടെങ്കിലും ആരോടും തുറന്നു പറയാത്ത കാര്യങ്ങള്‍ ഇനിയും ബാക്കിയാണ്. ഇവയാകും ആത്മകഥയില്‍ കാണുകയെന്നും പാക് താരം പറയുന്നു.
ഹാർപർ കോളിൻസ് ഇന്ത്യക്കാണ് അഫ്രീദിയുടെ ആത്മകഥയുടെ ആഗോള പ്രസാധനാവകാശം. ഇന്ത്യയിലും പാകിസ്ഥാനിലുമായി ഏറെ ആരാധകരുള്ള അഫ്രീദിയുടെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.