രാഹുലും പന്തും പൂര്‍ണമായി നിരാശപ്പെടുത്തിയാല്‍ മാത്രം സഞ്ജുവിന് അവസരം; എല്ലാ വാതിലുകളും കൊട്ടിയടച്ച് ബിസിസിഐ

രേണുക വേണു
ചൊവ്വ, 23 ജൂലൈ 2024 (15:11 IST)
ഏകദിനത്തില്‍ അടക്കം ഒരു ഫോര്‍മാറ്റിലും മലയാളി താരം സഞ്ജു സാംസണ്‍ തങ്ങളുടെ പ്രഥമ പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബിസിസിഐ വൃത്തങ്ങള്‍. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കു ശേഷം മാത്രമേ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കൂ എന്ന നിലപാടിലാണ് ബിസിസിഐയും സെലക്ടര്‍മാരും. സഞ്ജു മികവ് പ്രകടിപ്പിച്ച ഏകദിന ഫോര്‍മാറ്റില്‍ പോലും രാഹുലും പന്തുമാണ് ബിസിസിഐയുടെ ആദ്യ ചോയ്‌സ്. 
 
ട്വന്റി 20 യില്‍ റിഷഭ് പന്തിനാണ് മുഖ്യ പരിഗണന. അതിനു ശേഷം മാത്രമേ സഞ്ജുവിനെ പരിഗണിക്കൂ. ഏകദിനത്തിലേക്ക് വരുമ്പോള്‍ കെ.എല്‍.രാഹുലിനും റിഷഭ് പന്തിനും ശേഷം മാത്രമേ സഞ്ജുവിന് വാതിലുകള്‍ തുറക്കപ്പെടൂ. രാഹുലും പന്തും തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം സഞ്ജുവിന് അവസരം നല്‍കാമെന്ന നിലപാടിലാണ് ബിസിസിഐ. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത്. 
 
അതേസമയം ഏകദിനത്തില്‍ രാഹുലിനേക്കാളും പന്തിനേക്കാളും മികച്ച പ്രകടനങ്ങള്‍ സഞ്ജുവിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. സ്‌ട്രൈക് റേറ്റ് നൂറിന് അടുത്താണ്. കെ.എല്‍.രാഹുലിന് ഏകദിനത്തില്‍ 70 ഇന്നിങ്‌സുകളില്‍ നിന്ന് നേടാന്‍ സാധിച്ചിരിക്കുന്നത് 2820 റണ്‍സ്. ശരാശരി 50.35 ആണ്, സ്‌ട്രൈക് റേറ്റ് ആകട്ടെ 87.82 ! റിഷഭ് പന്തിന്റെ കണക്കുകളിലേക്ക് വന്നാല്‍ 26 ഇന്നിങ്‌സുകളില്‍ നിന്ന് 34.60 മാത്രം ശരാശരിയില്‍ 865 റണ്‍സാണ് നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് സഞ്ജുവിനേക്കാള്‍ ഉയര്‍ന്നതാണ് (106.65). ഏകദിനത്തില്‍ ഇത്രയും സ്ഥിരത പുലര്‍ത്തിയിട്ടും സഞ്ജുവിന് പ്രഥമ പരിഗണന നല്‍കാന്‍ ബിസിസിഐ മടിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article